ചൈനീസ് വിദ്യാർത്ഥികൾ ഇവിടെ സയൻസ് പഠിക്കേണ്ടെന്ന് അമേരിക്ക; കാരണം 'പണി കിട്ടു'മെന്ന പേടിയോ?

ഇന്ത്യൻ വിദ്യാർഥികൾ ഏത് വിഷയം പഠിക്കുന്നതിനും എതിർപ്പില്ല
ചൈനീസ് വിദ്യാർത്ഥികൾ ഇവിടെ സയൻസ് പഠിക്കേണ്ടെന്ന്  അമേരിക്ക; കാരണം 'പണി കിട്ടു'മെന്ന പേടിയോ?
Updated on

വാഷിംഗ്‌ടൺ ഡിസി: വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്നവരുടെ പറുദീസ തന്നെയാണ് അമേരിക്കൻ യൂണിവേഴ്സിറ്റികൾ. ഇന്ത്യൻ വംശജർ അടക്കം നിരവധി വിദേശ വിദ്യാർത്ഥികളാണ് യുഎസിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നത്. എന്നാൽ അവിടെ ചൈനീസ് വിദ്യാർത്ഥികൾക്ക് മാത്രം ചില കോഴ്സുകളിൽ നിയന്ത്രണം വേണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു നയതന്ത്രജ്ഞൻ.

കുർട് കാംപ്ബെൽ എന്ന നയതന്ത്രജ്ഞനാണ് വിവേചനപരമായ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നത്. ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിൽ വന്ന് സയൻസ് കോഴ്‌സുകൾ പേടിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പകരം അവർ ഹ്യൂമാനിറ്റിക്സ് പഠിച്ചോട്ടെ എന്നും പറയുന്നു. അമേരിക്ക - ചൈന ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കെ ചൈനീസ് വിദ്യാർത്ഥികളെ സയൻസ് പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിവരങ്ങളുടെ ചോർച്ചയിലേക്ക് നയിക്കുമെന്നും അത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് കുർട് കാംപ്‌ബെല്ലിന്റെ ആശങ്ക.

അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ ഏത് വിഷയം പഠിക്കുന്നതിനും അദ്ദേഹത്തിന് എതിർപ്പില്ല. ഇന്ത്യയുമായുള്ള യു എസ് ബന്ധം അത്ര ദൃഢമാണെന്നതാണ് കാരണം. ഇതിനിടെ യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷം നൽകുന്ന വാഗ്ദാനവുമായി ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. താൻ അധികാരത്തിലെത്തിയാൽ യുഎസ് യൂണിവേഴ്സിറ്റികളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദ്ധാനം.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പറഞ്ഞതാകാമെങ്കിലും കുടിയേറ്റവിരുദ്ധനായ ട്രംപിന്റെ ഈ വാക്കുകളെ ആശ്ചര്യത്തോടെയാണ് ഡെമോക്രാറ്റുകൾ അടക്കമുള്ള യുഎസ് രാഷ്ട്രീയവൃത്തം കേട്ടത്. അമേരിക്കയിൽ നിന്ന് പഠിച്ചിറങ്ങിയ വിദേശ വിദ്യാർത്ഥികൾ അവരുടെ തന്നെ രാജ്യത്ത് പോയി പണമുണ്ടാക്കുന്നുവെന്നും ആ പണം അമേരിക്കയിൽ നിലനിർത്താനാണ് ഈ വാഗ്ദാനമെന്നുമാണ് ട്രംപിന്റെ വാദം.

ഈ വര്‍ഷം നവംബർ മാസത്തോടെ യുഎസ് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. വിവിധ പ്രൈമറികളിൽ ജയിച്ചുമുന്നേറുന്ന ട്രംപ് തന്നെയായിരിക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ വീണ്ടുമൊരു ബൈഡൻ - ട്രംപ് പോരാട്ടത്തിനാകും യു എസ് ജനത സഖ്യം വഹിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com