വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.
ന്യൂയോർക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ക്ലൂണി, ബൈഡൻ പിന്മാറണമെന്ന് പറഞ്ഞത്. 'പറയാൻ വിഷമമുണ്ട്. പക്ഷെ പറയാതെ പറ്റില്ലല്ലോ. ഞാൻ 2010ൽ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുൻപ് കണ്ടത്. അന്ന് ടിബറ്റിൽ കണ്ട ബൈഡൻ അതേപോലെ എന്റെ മുൻപിൽ വന്നുനിൽകുകയായിരുന്നു...'; ജോർജ് ക്ലൂണി പറഞ്ഞു.
ഇത്തരത്തിൽ എല്ലാ ഭാഗത്തുനിന്നും വിമർശനം കനത്തുകൊണ്ടിരിക്കെ തന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ സംവാദങ്ങൾ അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡൻ. മത്സരത്തിൽ ഉറച്ച് നിൽക്കാനാണ് തന്റെ തീരുമാനമെന്ന് ആവർത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ബൈഡനും എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന സംവാദം ഡെമോക്രാറ്റുകൾക്ക് വലിയ തിരിച്ചടിയായതിന് പിന്നാലെ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനമുയരുകയായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാൽ 'നാടകം' അവസാനിപ്പിക്കണമെന്നാണ് ബൈഡൻ ഡെമോക്രാറ്റ് ലോമേക്കേഴ്സിനോട് ആവശ്യപ്പെട്ടത്.
ജൂൺ 27ലെ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിന് പിന്നാലെയാണ് ബൈഡൻ ഏറെ പിറകോട്ട് പോയത്. ഏറ്റവും മോശം പ്രകടനമാണ് സംവാദത്തിൽ ബൈഡൻ നടത്തിയത്. നേരത്തെത്തന്നെ ബൈഡൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. ട്രംപിനോട് മത്സരിക്കാൻ യോഗ്യനല്ല എന്ന് മാത്രമല്ല, അമേരിക്കയുടെ ഭാവിയെ നയിക്കാൻ ബൈഡൻ പ്രാപ്തനല്ലെന്ന് കൂടിയാണ് ഡെമോക്രാറ്റുകൾ തന്നെ വാദിക്കുന്നത്.