ട്രംപിന് നേരെ വധശ്രമം നടത്തിയത് ഇരുപതുകാരന്‍; ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്രംപിന് നേരെ വധശ്രമം നടത്തിയത് ഇരുപതുകാരന്‍; ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍
Updated on

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയത് തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണെന്ന് എഫ്ബിഐ. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ട്രംപിന് നേരെ വധശ്രമം നടത്തിയ യുവാവ് ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ എന്നും അധീകൃതര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാള്‍ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല.

ഇയാള്‍ക്ക് നേരത്തെ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യ പശ്ചാത്തലം ഉള്ളതായി വിവരമില്ല. 2022-ല്‍ ബെതല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ സ്റ്റാര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍ എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തന്റെ സുഹൃത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. 'എന്റെ സുഹൃത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,' മോദി കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com