ട്രംപിനെതിരായ വധശ്രമം അമേരിക്കൻ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതെങ്ങനെ?

വെടിയേറ്റ് മുറിഞ്ഞ വലതുചെവിയിൽ നിന്ന് ചോരയൊലിക്കുമ്പോഴും മുഷ്ടി ചുരുട്ടി ജനങ്ങളെ അഭിവാദ്യം ചെയ്ത ‍ട്രംപിന്റെ ചിത്രം അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഐതിഹാസിക നിമിഷമായി അടയാളപ്പെടുത്തിക്കഴിഞ്ഞു.
ട്രംപിനെതിരായ വധശ്രമം അമേരിക്കൻ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതെങ്ങനെ?
Updated on

തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുൻ പ്രസിഡന്റും റിപബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തോടെ അമേരിക്കയുടെ രാഷ്ട്രീയകാലാവസ്ഥ മാറിമറിഞ്ഞിരിക്കുന്നു. നടന്നത് നിർഭാ​ഗ്യകരമായ സംഭവമാണെങ്കിലും അതോടെ വൈറ്റ് ഹൗസിലേക്കുള്ള തന്റെ റീ എൻട്രി ഒന്നുകൂടി ഉറപ്പിക്കാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. വെടിയേറ്റ് മുറിഞ്ഞ വലതുചെവിയിൽ നിന്ന് ചോരയൊലിക്കുമ്പോഴും മുഷ്ടി ചുരുട്ടി ജനങ്ങളെ അഭിവാദ്യം ചെയ്ത ‍ട്രംപിന്റെ ചിത്രം അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഐതിഹാസിക നിമിഷമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ ഈ സംഭവത്തോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

സാങ്കേതികമായി പറഞ്ഞാൽ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിരിക്കുന്നു, ട്രംപ് തന്നെ വിജയിക്കും. ബുള്ളറ്റിനെക്കാൾ ശക്തമായതൊന്നും ട്രംപിന്റെ വിജയവഴിയിൽ ഇനി വെല്ലുവിളിയാകാനില്ല എന്നാണ് തിരഞ്ഞെടുപ്പ് അനലിസ്റ്റും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ വ്യക്തിയുമായ ഡിക് മോറിസ് അഭിപ്രായപ്പെട്ടത്. റിപബ്ലിക്കൻസിന് പാട്ടും പാടി ജയിക്കാൻ ഉള്ള അവസരമായിരിക്കുകയാണ് ട്രംപിനെതിരായ വധശ്രമമെന്ന് അ​ദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റുകളെ മറികടന്ന് 10-15 വരെ പോയിന്റുകളുടെ മുൻതൂക്കമാണ് റിപബ്ലിക്കൻസിന് ലഭിച്ചിരിക്കുന്നത്.

അനാരോ​ഗ്യവും പ്രായാധിക്യം മൂലമുള്ള അവശതകളും കൊണ്ട് വെട്ടിലായിരിക്കുന്ന ജോ ബൈഡനും ഡെമോക്രാറ്റിക് സംഘത്തിനും നിലവിലെ റിപബ്ലിക്കൻ മേൽക്കൈ മറികടക്കുക ആയാസകരമാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ബൈഡനു പകരം മറ്റൊരു സ്ഥാനാർത്ഥി അനിവാര്യമാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ശക്തമാണ്. എന്നാൽ, ബൈഡൻ സ്വയം പിന്മാറാതെ ഇത് നടപ്പാവില്ല . ‘ഞാൻ മത്സരിക്കുകയാണ്, നമ്മൾ വിജയിക്കും’ എന്ന നിലപാടിലുറച്ച് നിൽക്കുന്ന അദ്ദേഹം പിന്മാറാനുള്ള സാധ്യത തീരെ വിരളമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ടത്തിൽ നടന്ന സംവാ​ദത്തിലെ ബൈഡന്റെ അതിദയനീയമായ പ്രകടനം വലിയ ചർച്ചയായിരുന്നു. ഇതാണ് അദ്ദേഹത്തെ മത്സരരം​ഗത്തുനിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കകത്തും പുറത്തും ശക്തമാക്കിയത്. ട്രംപ് ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കാൻ കഴിയാതെ ബൈഡൻ വിയർത്തൊലിക്കുകയായിരുന്നു.

സംവാദത്തിന് ശേഷം നടന്ന സിഎൻഎൻ സർവ്വേയിൽ 37 ശതമാനം മാത്രമായിരുന്നു ബൈഡന് ലഭിച്ച ജനപിന്തുണ. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേത് മുതൽ മുൻ പ്രഥമവനിത മിഷേൽ ഒബാമയുടെ വരെ പേരുകൾ ബൈഡന് പകരമായി പാർട്ടിയിൽ ഉയർന്നു. എന്നാൽ, താൻ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ബൈഡൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. പ്രായാധിക്യവും മറവിരോ​ഗവും പിന്നീടും ബൈഡനെ പൊതുവേദിയിൽ കുഴപ്പിച്ചു. നാറ്റോ സമ്മേളനത്തിന്റെ വാർത്താ സമ്മേളനത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെ, 'പ്രസിഡന്റ് പുടിൻ' എന്ന് ബൈഡൻ അഭിസംബോധന ചെയ്തു. കമല ഹാരിസിനെ ട്രംപ് എന്നും വിളിച്ചു. അമളി മനസ്സിലാക്കി ഉടൻ തിരുത്തിയെങ്കിലും സംഭവം വലിയ വാർത്തയായി. അതും പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബൈഡനു മേൽ സമ്മർദ്ദം ശക്തമാക്കി. ഇതിനിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായതും ബൈഡന്റെ ജയസാധ്യത കൂടുതൽ താഴേക്ക് പോയതും.

സ്ഥാനാർത്ഥി മാറിയാലും ഇനി രക്ഷയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെന്ന ചർച്ച ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങളിൽ സജീവമാണെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചന. ട്രംപിന് നേരെയുണ്ടായ വധശ്രമം അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ വലിയതോതിൽ അനുകൂലമാകും. വെടിയേറ്റതിനു പിന്നാലെ ട്രംപ് ജനങ്ങളെ അഭിവാദ്യം ചെയ്ത രീതിയും മണിക്കൂറുകൾക്കകം തന്നെ വീണ്ടും പ്രചാരണത്തിൽ സജീവസാന്നിധ്യമായതുമൊക്കെ ചരിത്രവിജയത്തിലേക്ക് അദ്ദേഹത്തെ നയിക്കാൻ പോകുന്ന കാര്യങ്ങളാണെന്ന് ഡിക് മോറിസ് പറയുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം എന്തായാലും വോട്ടെടുപ്പിലുണ്ടാകും, എത്രമാത്രം എന്നേ അറിയേണ്ടതുള്ളു. ഡിക് മോറിസ് WABV പോഡ്കാസ്റ്റിൽ പറഞ്ഞു.

ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാൻ സ്ട്രാറ്റജിയൊന്നും ഇതുവരെ ഡെമോക്രാറ്റുകൾക്കില്ലെന്നത് വ്യക്തമാണ്. രാഷ്ട്രീയ ഹിംസ അനുവദിക്കാനാവില്ലെന്ന നിലപാടിലൂന്നി പരിശ്രമം തുടരാനാണ് ബൈഡൻ ക്യാമ്പ് ഇപ്പോൾ ശ്രമിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ ട്രംപിനോട് ഐക്യപ്പെട്ട് സന്ദേശം പുറപ്പെടുവിച്ചാൽ ജനപിന്തുണ ലഭിച്ചേക്കുമെന്നാണ് ബൈഡൻ കണക്കുകൂട്ടുന്നത്. ട്രംപിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന്റെ നീക്കം ഇതിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇങ്ങനെയുള്ള ആക്രമണങ്ങൾക്ക് സ്ഥാനമില്ല. ഐക്യം എന്നത് എത്തിപ്പിടിക്കാൻ ഏറ്റവും പ്രയാസകരമായ ലക്ഷ്യമാണ്, പക്ഷേ ഇപ്പോൾ അതിനെക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡൻ രാജ്യത്തോട് പറഞ്ഞതിങ്ങനെയാണ്. വധശ്രമത്തിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളിലെത്തരുതെന്നും ബൈഡൻ ജനങ്ങളോട് നിർദേശിച്ചു. എഫ്ബിഐ അവരുടെ ജോലി ചെയ്യട്ടെ, മറ്റ് ഏജൻസികളും പ്രവർത്തിക്കട്ടെ, ഊഹങ്ങളിലേക്ക് എടുത്തു ചാടരുത്. ബൈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസത്തിൽ താഴെ മാത്രം അവശേഷിക്കെ ബൈഡന് തന്റെ നില മെച്ചപ്പെടുത്തി തിരിച്ചുവന്നേ പറ്റൂ. എന്നാൽ, മറ്റെല്ലാ ഘടകങ്ങൾക്കുമൊപ്പം ട്രംപിനെതിരെ വധശ്രമം നടന്ന സ്ഥലവും ബൈഡന് വെല്ലുവിളിയാണ്. പെൻസിൽവാനിയയിലാണ് സംഭവം നടന്നത്, അവിടമാകട്ടെ ബൈഡന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ്!

ട്രംപിന്റെ വിജയം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു എന്നതിനുദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ് ബിസിനസ് ഭീമന്മാരായ ഇലോൺ മസ്കിന്റെയും ബിൽ അക്മാന്റെയും നിലപാട് മാറ്റം. ഇതുവരെ ട്രംപിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്ന ഇരുവരും ഇപ്പോൾ തീർത്തും വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ട്രംപിനെ പിന്തുണയ്ക്കുന്ന പരാമർശങ്ങൾ രണ്ട് പേരും കഴിഞ്ഞ ദിവസം പരസ്യപ്പെടുത്തിയിട്ടുണ്ട്. ട്രംപിന് നേരെ വെടിയുതിർത്തെന്ന് എഫ്ബിഐ പറയുന്ന തോമസ് മാത്യു ക്രൂക്ക് (20) എന്തിനാണ് അത് ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് വെടിവെപ്പിന് പിന്നാലെ തന്നെ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ വോട്ടർ രജിസ്ട്രേഷൻ കാർഡിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അം​ഗം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com