'ബൈഡന്റെ നേട്ടം ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്തത്'; വാനോളം പുകഴ്ത്തി കമലാ ഹാരിസ്

ഒറ്റ ടേമുകൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിൽ പ്രസിഡന്റായിരുന്നവരുടെ പാരമ്പര്യം അദ്ദേഹം മറികടന്നുവെന്ന് കമലാ ഹാരിസ്
'ബൈഡന്റെ നേട്ടം ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്തത്'; വാനോളം പുകഴ്ത്തി കമലാ ഹാരിസ്
Updated on

വാഷിങ്ടൺ ഡിസി: പിൻഗാമിയായി ബൈഡൻ നിർദ്ദേശിച്ചതിന് ശേഷം ന‌ടത്തിയ ആദ്യ പ്രസം​ഗത്തിൽ പ്രസിഡന്റ് ജോ ബൈഡനെ പ്രശംസിച്ച് കമലാ ഹാരിസ്. കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് ബൈഡൻ നേടിയ നേട്ടങ്ങളുടെ പാരമ്പര്യം ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്തതാണെന്നായിരുന്നു കമലാ ഹാരിസിന്റെ പ്രശംസ. ഒറ്റ ടേമുകൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിൽ പ്രസിഡന്റായിരുന്നവരുടെ പാരമ്പര്യം അദ്ദേഹം മറികടന്നുവെന്ന് കമലാ ഹാരിസ് പറഞ്ഞു. ജോ ബൈഡൻ സ്ഥാനാ‍ർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതോ‌ടെ നിലവിൽ വൈസ് പ്രസിഡന്റായ കമലാ ഹാരിസിനെയാകും ഡമോക്രാറ്റുകൾ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിയായി പരി​ഗണിക്കുകയെന്നാണ് സൂചന.

തങ്ങളുടെ സംസ്ഥാനങ്ങളിൽ അറ്റോർണി ജനറല‍ൽമാരായി ജോലി ചെയ്തിരുന്ന കാലം, ബൈഡന്റെ പരേതനായ മകൻ ബ്യൂവിലൂടെ അദ്ദേഹത്തെ താൻ അറിഞ്ഞതെങ്ങനെയെന്ന് കമലാ ഹാരിസ് വിവരിച്ചു. ബ്യൂ തന്റെ പിതാവിനെ കുറിച്ചുള്ള കാര്യങ്ങൾ ഇടയ്ക്കിടെ പങ്കുവെക്കും. എത്ര നല്ല പിതാവാണ്, മനുഷ്യനാണ് അദ്ദേഹമെന്ന് ബ്യൂ എന്നോട് പറയാറുണ്ട്. ബ്യൂ തന്റെ പിതാവിൽ ബഹുമാനിച്ചിരുന്ന ​ഗുണങ്ങളാണ് ദിവസും പ്രസിഡന്റിൽ ഞാനും കണ്ടത്. അദ്ദേഹത്തിന്റെ സത്യസന്ധത, ആർജവം, സമർപ്പണം, രാജ്യത്തോടുള്ള സ്നേഹം. രാജ്യത്തിനായി ബൈഡൻ പോരാടുന്നത് ഓരോ ദിവസവും മുന്നിൽ നിന്ന് കണ്ടയാളാണ് ഞാൻ. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനത്തിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കമലാ ഹാരിസ് പറഞ്ഞു. കൊവിഡ് ബാധിതനായ ബൈഡൻ സുഖം പ്രാപിച്ച് വരികയാണെന്നും കമലാ ഹാരിസ് വ്യക്തമാക്കി. ‌

ജൂലൈ 21നാണ് താൻ അമേരിക്കൻ പ്രസിഡ‍ന്റ് തിര‍ഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. വാർത്താ കുറിപ്പിലൂടെയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അറിയിച്ചിരുന്നു. പ്രസിഡന്റ്‌ മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു. ഇതിനിടെ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പെട്ടെന്നുള്ള പിന്മാറ്റം.

അതേസമയം കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബൈഡന്റെ പിന്മാറ്റം. തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയായി കാണുന്നുവെന്നാണ് ഇതിനോട് കമല ഹാരിസ് പ്രതികരിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു കമലയുടെ ആദ്യ പ്രതികരണം.

ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കുകയെന്നതും ട്രംപിന്റെ 2025 അജണ്ട ഇല്ലാതാക്കുകയെന്നതും തന്റെ ലക്ഷ്യമായിരിക്കുമെന്നും കമല ഹാരിസ് പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. എന്നാല്‍ ജോ ബൈഡനെ തോല്‍പ്പിക്കുന്നതിലും എളുപ്പമാണ് കമല ഹാരിസിനെ തോല്‍പ്പിക്കാന്‍ എന്നായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com