വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയത് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചുകൊണ്ടായിരുന്നു. തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയായി കാണുന്നുവെന്നാണ് കമല ഹാരിസ് പ്രതികരിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കമല പ്രതികരിച്ചു.
ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കുകയെന്നതും ട്രംപിന്റെ 2025 അജണ്ട ഇല്ലാതാക്കുകയെന്നതും തന്റെ ലക്ഷ്യമായിരിക്കുമെന്നും കമല ഹാരിസ് പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. എന്നാല്‍ ജോ ബൈഡനെ തോല്‍പ്പിക്കുന്നതിലും എളുപ്പമാണ് കമല ഹാരിസിനെ തോല്‍പ്പിക്കാന്‍ എന്നായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ പിന്മാറ്റം. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് പിന്മാറാനുള്ള തീരുമാനമെന്നാണ് ബൈഡന്‍ പറഞ്ഞത്. തനിക്ക് പകരം കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശവും ബൈഡന്‍ മുന്നോട്ട് വെച്ചു. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യും.
കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റുകള്‍ക്ക് പുതിയ വീര്യം നല്‍കുന്നതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡെമോക്രാറ്റിക് ഫണ്ട് റെയ്‌സിങ് ഗ്രൂപ്പുകളും നല്‍കുന്നത് ഇത് വ്യക്തമാക്കുന്ന വിവരങ്ങളാണ്. 2024 തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റദിന ധനസമാഹരണമാണ് ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെയുണ്ടായതെന്നാണ് ഫണ്ട് റെയ്‌സിങ് ഗ്രൂപ്പ് ആക്ട് ബ്ലൂ അറിയിച്ചത്. കമല ഹാരിസിന്റെ പേര് ഉയര്‍ന്നതിന് ശേഷം 46.7 മില്യണ്‍ ഡോളറാണ് ഒരു ദിവസം കൊണ്ട് മാത്രം സമാഹരിച്ചത്.
ട്രംപുമായുള്ള ആദ്യ സംവാദത്തില്‍ തന്നെ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബൈഡന്‍ പിന്മാറണമെന്ന് ആവശ്യം ശക്തമായത്. ഡെമോക്രാറ്റിന്റെ പ്രധാന നേതാക്കളുള്‍പ്പടെ ഈ ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതും തിരിച്ചടിയായി.