ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്ലിന് ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു.
നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അസ്ഗിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. 45 വയസായിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും അവിവാഹിതനായിരിക്കുന്നതെന്താണെന്നും തമാശയായി പലപ്പോഴും ചോദിച്ചിരുന്നെന്നും ഇതില്‍ ക്ഷുഭിതനായാണ് അയൽക്കാരനെ കൊലപ്പെടുത്തിയതെന്നും സിരേഗർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.