ന്യൂയോർക്ക്: ബൈഡനെതിരെയും ഡെമോക്രാറ്റിക്ക് പാർട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഡൊണാൾഡ് ട്രംപ്. ടെസ്ല സിഇഒയും ഏക്സ് ഉടമയുമായ ഇലോൺ മസ്കുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപ് ആരോപണങ്ങൾ അഴിച്ചുവിട്ടത്. എക്സിൽ തത്സമയം സംപ്രേഷണം ചെയ്ത അഭിമുഖം സാങ്കേതിക തകരാറുകളാൽ 40 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. ബൈഡനെ ആദ്യ സംവാദത്തിൽ തന്നെ തറപറ്റിച്ചുവെന്നും അതിന് ശേഷം ഡെമോക്രറ്റിക്ക് പാർട്ടിയിൽ കമല ഹാരിസിന് വേണ്ടി അട്ടിമറി നടന്നുവെന്നും ആരോപിച്ചാണ് ട്രംപ് അഭിമുഖം തുടങ്ങിയത്.
ഇലോൺ മസ്കുമായുള്ള സംഭാഷണത്തിനിടെ തനിക്കെതിരെ കഴിഞ്ഞ മാസം പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന വധശ്രമത്തെ കുറിച്ചും ട്രംപ് വിശദീകരിച്ചു. 'അത്ഭുതകരമായ രക്ഷപ്പെടൽ' എന്നാണ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. 'അതൊരു ബുള്ളറ്റാണെന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. പക്ഷെ അമേരിക്കൻ ജനതയ്ക്ക് വേണ്ടി കൂടിയാണ് ഞാൻ അത് ഏറ്റുവാങ്ങിയത്', ട്രംപ് കൂട്ടിച്ചേർത്തു. തനിക്കെതിരെ വധശ്രമം നടന്ന ബട്ലറിലേക്ക് ഒക്ടോബറിൽ തിരിച്ചുപോകുമെന്നും ട്രംപ് ഇലോൺ മസ്കിനോട് പറഞ്ഞു.
അമേരിക്കയിലേക്കുള്ള വ്യാപക കുടിയേറ്റത്തെ വിമർശിച്ച ട്രംപ് ബൈഡനെ 'അതിർത്തി രാജാവെന്ന്' ആക്ഷേപിച്ചു. താൻ അധികാരത്തിലെത്തിയാൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ നാടുകടത്തുമെന്നും അമേരിക്കയിലെ പരമ്പാരാഗത തദ്ദേശവാസികൾക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ബൈഡന് സീറോ ഐക്യൂവാണെന്ന് പറഞ്ഞ ട്രംപ് താൻ അധികാരത്തിൽ തുടർന്നിരുന്നുവെങ്കിൽ റഷ്യ-യുക്രൈയ്ൻ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണപെരുപ്പത്തിലേക്കാണ് ബൈഡൻ അമേരിക്കൻ ജനതയെ തള്ളിവിട്ടതെന്നും ട്രംപ് വിമർശിച്ചു.
Almost all of legacy media will trash the Trump conversation, thus driving total listeners probably past 200+ million 😂 https://t.co/44Mhr2hkAu
— Elon Musk (@elonmusk) August 13, 2024
ട്രംപ് അധികാരത്തിലെത്തിയാൽ സാങ്കേതികമായ എല്ലാ സഹായങ്ങളും എലോൺ മാസ്ക് വാഗ്ദാനം ചെയ്തു. അമേരിക്കയുടെ വികസനത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്ന പരസ്പര ഉറപ്പിലാണ് രണ്ട് മണിക്കൂറോളം നീണ്ട അഭിമുഖം അവസാനിച്ചത്. രണ്ട് മണിക്കൂർ നീണ്ട ഈ അഭിമുഖം ഒന്നര ദശ ലക്ഷം ആളുകളാണ് തത്സമയം കണ്ടതെന്ന് എക്സ് അവകാശപ്പെട്ടു. എക്സിലെ എല്ലാ റെക്കോർഡുകളും തിരുത്തിയ നൂറ്റാണ്ടിലെ അഭിമുഖമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
ഇന്ത്യക്കാരുടെ യുകെ സ്വപ്നത്തിന് തിരിച്ചടി; വിദേശ റിക്രൂട്ട്മെന്റ് നിയന്ത്രണത്തിന് നീക്കം