ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് ചായ്പ്പിൽ കെട്ടിത്തൂക്കിയ കേസ്; മരുമകൾക്ക് ജീവപര്യന്തം

കൈകൊണ്ട് അമ്മാളു അമ്മയുടെ കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്
ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് ചായ്പ്പിൽ കെട്ടിത്തൂക്കിയ കേസ്; മരുമകൾക്ക് ജീവപര്യന്തം
Updated on

കാഞ്ഞങ്ങാട്: കാസര്‍കോട് 65-കാരിയായ ഭര്‍തൃമാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മരുമകൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2014 സെപ്റ്റംബര്‍ 16 നാണ് കൊളത്തൂര്‍ പെര്‍‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മയെ മരുമകളായ അംബിക കൊലപ്പെടുത്തിയത്. കൈകൊണ്ട് അമ്മാളു അമ്മയുടെ കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്.

വീടിന്‍റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് അമ്മാളു അമ്മയെ കണ്ടെത്തിയത്. എന്നാൽ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കളും നാട്ടുകാരും പൊലീസിൽ പരാതി നൽകുകയും വിശദമായി അന്വേഷണം തുടരുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മൃതദേഹം വീടിന്‍റെ ചായ്പ്പില്‍ കെട്ടി തൂക്കുകയായിരുന്നു എന്നാണ് കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള 70 സെന്‍റ് സ്ഥലം വിറ്റ് മറ്റൊരു സ്ഥലം വാങ്ങിയിരുന്നു. ഇത് മകന്‍ കമലാക്ഷന്‍റേയും ഭാര്യ അംബികയുടേയും പേരിലാണ് വാങ്ങിയിരുന്നത്. സ്വന്തം പേരിലേക്ക് മാറ്റിത്തരണമെന്ന് അമ്മാളു അമ്മ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാത കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിൽ പ്രതി ചേര്‍ത്തിരുന്ന അമ്മാളു അമ്മയുടെ മകന്‍ കമലാക്ഷനെയും കൊച്ചു മകന്‍ ശരതിനെയും കോടതി മുൻപ് വെറുതെ വിട്ടിരുന്നു.

ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് ചായ്പ്പിൽ കെട്ടിത്തൂക്കിയ കേസ്; മരുമകൾക്ക് ജീവപര്യന്തം
തട്ടിക്കൊണ്ടുപോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി

Related Stories

No stories found.
logo
Reporter Live
www.reporterlive.com