വിദ്യാഭ്യാസ വിചക്ഷണൻ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്
വിദ്യാഭ്യാസ വിചക്ഷണൻ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
Updated on

തൃശൂർ: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ വസതിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

സ്കൂൾ കലോത്സവത്തിന്റെ ശില്പികളിൽ ഒരാളായ അദ്ദേഹം കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് നിർണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പൊന്നാനി താലൂക്കിലെ പകരാവൂർ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്‌പീക്കറുമായി. തുടർന്ന് മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.

1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് അദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു. എന്നാൽ പത്ത് വർഷത്തിന് ശേഷം ഇതേ വിദ്യാലയം വെറും ഒരു രൂപ വില മാത്രം കെെപ്പറ്റിക്കൊണ്ട് അദ്ദേഹം കേരള സർക്കാരിനു കൈമാറി.

1956-ല്‍ ഡല്‍ഹി ഇന്റര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് കേരളത്തിലും സ്‌കൂള്‍കലോത്സവമെന്ന ചിന്തക്ക് വഴിതെളിയിച്ചത്. മൂക്കുതല സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവരെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി എസ് വെങ്കിടേശ്വരയ്യര്‍ ആലോചനകള്‍ക്കായി വിളിച്ചു. പിന്നീടുള്ള വളര്‍ച്ചയിലേക്ക് കലോത്സവത്തെ കൈപിടിച്ച് ഉയര്‍ത്തിയതും ഇദ്ദേഹം ഉള്‍പ്പെട്ട സംഘമായിരുന്നു. ആഘോഷമാകുമ്പോള്‍ സദ്യവേണമെന്ന ആവശ്യം 1975-ല്‍ കലോത്സവ സദ്യയ്ക്കും വഴിതുറന്നു.

പെന്‍ഷന്‍കാര്‍ക്കുവേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. അച്യുതമേനോനുമായി ഉണ്ടായിരുന്ന അടുപ്പം ഇതിന് സഹായകമായി. രാഷ്ട്രീയ-നിയമ തലങ്ങളിലുള്ള ശ്രമങ്ങള്‍മൂലം പലവിധമായിക്കിടന്ന പെന്‍ഷന്‍ രീതിക്ക് ഏകീകൃതസ്വഭാവം കൈവന്നു. മികച്ച അധ്യാപകനുളള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 99-ാം ജന്മദിനാഘോഷ ചടങ്ങിൽ മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവം നേരിട്ടെത്തി ആദരിച്ചിരുന്നു. 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി കൂടിയാണ് ചിത്രൻ നമ്പൂതിരിപ്പാട്. 'പുണ്യഹിമാലയം' എന്ന യാത്രാ വിവരണ ഗ്രന്ഥം, പൂമുഖം (ആത്മകഥ) എന്നിവ രചിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com