സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടിക്കെതിരെ ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകൂ; വെല്ലുവിളിച്ച് ബിജു പ്രഭാകര്‍

1243 പേര്‍ ഇടയ്ക്ക് വന്നു ഒപ്പിട്ടിട്ട് പോകുന്നുവെന്നും അവരുടെ ലക്ഷ്യം പെന്‍ഷന്‍ മാത്രമാണെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.
സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടിക്കെതിരെ ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകൂ; വെല്ലുവിളിച്ച് ബിജു പ്രഭാകര്‍
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നത് തെറ്റായ ഡ്യൂട്ടി പാറ്റേണ്‍ ആണെന്ന് സിഎംഡി ബിജു പ്രഭാകര്‍. 1243 പേര്‍ ഇടയ്ക്ക് വന്ന് ഒപ്പിട്ടിട്ട് പോകുന്നുവെന്നും അവരുടെ ലക്ഷ്യം പെന്‍ഷന്‍ മാത്രമാണെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി. സമൂഹമാധ്യമത്തിലൂടെയായിരുന്നു സിഎംഡിയുടെ പ്രതികരണം.

ഇടയ്ക്ക് വന്ന് ഒപ്പിട്ടു പോകുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കേണ്ടിവരും. അവര്‍ക്ക് അയച്ച നോട്ടീസ് പോലും കൈപ്പറ്റിയിട്ടില്ല. അവരുടെ പേര് സഹിതം പത്രത്തില്‍ പ്രസിദ്ധീകരിച്ചു പിരിച്ചുവിടും. 14 മണിക്കൂര്‍ തുടര്‍ച്ചയായി വണ്ടി ഓടിക്കാം. പക്ഷേ നാല് മണിക്കൂര്‍ വിശ്രമം ഉള്ള 12 മണിക്കൂര്‍ സ്‌പ്രെഡ് ഓവര്‍ ചെയ്യാന്‍ വയ്യ. സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി നടപ്പാക്കിയേ മതിയാകു. ഇത് ചോദ്യം ചെയ്ത് കോടതിയില്‍ പോയിട്ട് എന്തായി. ആരെയും പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നില്ല, ബിജു പ്രഭാകര്‍ പറഞ്ഞു.

സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടിക്കെതിരെ ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്നും ബിജു പ്രഭാകര്‍ വെല്ലുവിളിച്ചു. ഡ്യൂട്ടി പാറ്റേണില്‍ മാറ്റം വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെയും വൈകിട്ടും മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ചട്ടുകങ്ങളായി ജീവനക്കാര്‍ മാറരുതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ജനങ്ങളുടെ സ്ഥാപനമാണ്. ജനങ്ങള്‍ കയറുന്നത് കൊണ്ടാണ് ശമ്പളം ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് പ്രതിബദ്ധത ഉണ്ടാകണം. ഈ സ്ഥാപനത്തെ നന്നാക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. പരിഷ്‌കരണവുമായി സഹകരിക്കണം. ഞാന്‍ ഒരു ശത്രു അല്ലെന്നും മനസ്സിലാക്കണം. മാനേജ്‌മെന്റിന് ഒരു പിടിവാശിയും ഇല്ല, ബിജു പ്രഭാകര്‍ വ്യക്തമാക്കി.

പ്രതിസന്ധി സംബന്ധിച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്. ബിജു പ്രഭാകര്‍ രാജി സന്നദ്ധത അറിയിച്ച കാര്യവും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com