കൽപ്പറ്റ: വയനാട്ടിൽ ശ്രേയാംസ് കുമാറിൻറെ കുടുംബം സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് മറിച്ചുവിൽക്കുന്നതിനെക്കുറിച്ചും അനധികൃതമായി കൈവശം വെക്കുന്നതിനെക്കുറിച്ചും സമഗ്രാന്വേഷണം ആവശ്യപ്പെട്ട സിപിഐഎമ്മിന് ഇപ്പോൾ മിണ്ടാട്ടമില്ല. 2010 ൽ ശ്രേയാംസ് കുമാറിൻറെ പാർട്ടി യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ശ്രേയാംസിൻറെ കുടുംബം സർക്കാർ ഭൂമിയിൽ നടത്തിയ തട്ടിപ്പുകൾ പാർട്ടി പത്രത്തിലൂടെയും വാർത്താസമ്മേളനത്തിലൂടെയും തുറന്നടിച്ചത്. ശ്രേയാംസിൻറെ പാർട്ടി പിന്നീട് എൽഡിഎഫിൻറെ ഭാഗമായപ്പോൾ മുമ്പ് നടത്തിയ കുടിൽകെട്ടി സമരത്തെക്കുറിച്ച് പോലും വയനാട്ടിലെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ല. എസ്ഐടി അന്വേഷണ പരമ്പര തുടരുന്നു...
2010 മാർച്ച് 29 നാണ് ഈ ആവശ്യം സിപിഐഎം ഉന്നയിച്ചത്. സിപിഐഎം വാർത്താക്കുറിപ്പും ദേശാഭിമാനി വാർത്തകളും റിപ്പോർട്ടർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പുറത്തുവിടുന്നു. 13 വർഷം മുമ്പ് വൻകിടക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സിപിഐഎം ഇപ്പോൾ മൗനത്തിലാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി വ്യാപകമായി സർക്കാർ ഭൂമി കയ്യേറി. ആയിരത്തിലേറെ ഏക്കർ ഭൂമിയുണ്ടെന്ന് കുടുംബം തന്നെ അവകാശപ്പെടുന്നുണ്ട്. ഈ ഭൂമികളുടെ സ്വഭാവം പരിശോധിക്കണമെന്നും അന്ന് സിപിഎം നിലപാട് എടുത്തിരുന്നു. കൃഷ്ണഗിരിയിൽ ശ്രേയാംസ് സർക്കാർ ഭൂമി കയ്യേറി. മലന്തോട്ടം എസ്റ്റേറ്റിൽ കുടുംബം തണ്ടപ്പേര് തിരുത്തി സർക്കാർ ഭൂമി സ്വന്തമാക്കി. 135 ഏക്കറിൽ ഭുരിഭാഗവും കുടുംബം മറിച്ചുവിറ്റു. വൻകിടക്കാരുടെ ഭൂമി പിടിച്ചെടുക്കണം എന്നും അന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയോടും സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രനോടും പ്രതികരണം തേടിയെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല. കൃഷ്ണഗിരിയിലെ 14 ഏക്കറിൽ സിപിഐഎം നേരത്തേ കുടിൽ കെട്ടി സമരം നടത്തിയിരുന്നു. അതിനെക്കുറിച്ചും ഇന്ന് സിപിഐഎമ്മിന് മിണ്ടാട്ടമില്ല. ശ്രേയാംസിൻറെ പാർട്ടി എൽഡിഎഫിലേക്ക് വന്നതോടെ സിപിഐഎം നിലപാട് മാറ്റി. അന്ന് ദേശാഭിമാനിയും ശ്രേയാംസിൻറെ കുടുംബത്തിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് നിരന്തരമായി വാർത്ത എഴുതിയിരുന്നെങ്കിൽ ഇന്ന് ഈ സംഭവങ്ങൾ അറിഞ്ഞമട്ടില്ല.
കൃഷ്ണഗിരിയിലെ ഭൂമി തട്ടിപ്പ്; ശ്രേയാംസ് കുമാറിന് തിരിച്ചടി, അന്വേഷണ റിപ്പോർട്ടിൽ നടപടി തുടങ്ങി