മന്ത്രിയുടെ ഓഫീസിന് ഒളിച്ചുകളി? പേഴ്സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസ്, പരാതി പൊലീസിന് കൈമാറിയില്ല

അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി നൽകുകയായിരുന്നു

dot image

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി. അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി നൽകുകയായിരുന്നു. ഹരിദാസന് പരാതി ഉണ്ടെങ്കിൽ അദേഹം പൊലീസിനെ സമീപിക്കട്ടെ എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. മന്ത്രിയുടെ ഓഫീസിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.

അതേസമയം, ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. കേസെടുത്ത് ഒരു വർഷമായിട്ടും അഖിൽ സജീവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അഖിൽ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നൽകിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ഈ കേസിൽ ഇയാളെ പിടികൂടാനായിട്ടില്ല. വള്ളിക്കോട്ടെ അഖിൽ സജീവിന്റെ വീട് അടച്ചിട്ട നിലയിലാണുള്ളത്. ധാരാളം ആളുകൾ അഖിലിനെ അന്വേഷിച്ച് വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.

സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അംഗങ്ങളുടെ ലെവിയിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചർ വരെ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. അന്ന് സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നു ഇയാൾ. ടൂറിസം വകുപ്പിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us