കണ്ടലബാങ്ക് തട്ടിപ്പ്;ഭാസുരാംഗന്‍ പ്രസിഡന്‍റായ 'ക്ഷീര'യിലും കോടികളുടെ ക്രമക്കേട്;പ്ലാന്റ് പൂട്ടിച്ചു

നാലായിരത്തിലേറെ ക്ഷീര കര്‍ഷകരും എഴുപതിലേറെ ജീവനക്കാരുമുണ്ടായിരുന്ന, കാലത്തീറ്റ ഉത്പാദനവും പായ്ക്കറ്റ് പാലടക്കമുള്ള പാലുല്‍പന്നങ്ങളും വിതരണം ചെയ്തിരുന്ന സഹകരണ സംഘമായിരുന്നു ക്ഷീര
കണ്ടലബാങ്ക് തട്ടിപ്പ്;ഭാസുരാംഗന്‍ പ്രസിഡന്‍റായ 'ക്ഷീര'യിലും കോടികളുടെ ക്രമക്കേട്;പ്ലാന്റ് പൂട്ടിച്ചു
Updated on

തിരുവനന്തപുരം: മാറനല്ലൂരിലെ 'ക്ഷീര' സഹകരണ സംഘം കടബാധ്യതയില്‍ അടച്ചുപൂട്ടിയത് സിപിഐ നേതാവും കണ്ടല ബാങ്ക് പ്രസിഡണ്ടുമായ എന്‍ ഭാസുരാംഗന്‍ നടത്തിയ ക്രമക്കേടിനെ തുടര്‍ന്നെന്ന് ആരോപണം. അറുപത് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മാറനെല്ലൂര്‍ 'ക്ഷീരയെയാണ് എന്‍ ഭാസുരാംഗന്‍ കോടികള്‍ ക്രമക്കേട് നടത്തി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടർ ടി വി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

നാലായിരത്തിലേറെ ക്ഷീര കര്‍ഷകരും എഴുപതിലേറെ ജീവനക്കാരുമുണ്ടായിരുന്ന, കാലത്തീറ്റ ഉത്പാദനവും പായ്ക്കറ്റ് പാലടക്കമുള്ള പാലുല്‍പന്നങ്ങളും വിതരണം ചെയ്തിരുന്ന സഹകരണ സംഘമായിരുന്നു 'ക്ഷീര'. പിന്നീട് പ്രസിഡന്‍റായിരിക്കെ കൂടുതല്‍ കമ്മീഷന്‍ കിട്ടാന്‍ എന്‍ ഭാസുരാംഗന്‍ തമിഴ് നാട്ടില്‍ നിന്ന് ടാങ്കറില്‍ പാലെത്തിച്ച് തുടങ്ങിയതോടെയാണ് 'ക്ഷീര'യുടെ തകര്‍ച്ച ആരംഭിച്ചത്. മാറനെല്ലൂരിലെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് പണം കൊടുക്കാതെ എല്ലാവരെയും 'ക്ഷീര'യില്‍ നിന്നും അകറ്റുന്നതായിരുന്നു അടുത്ത നീക്കം. പിന്നാലെ കാലിത്തീറ്റ ഫാക്ടറിയുടെ ഉപകരണങ്ങള്‍ സഹകരണ സംഘത്തിന്റെ അനുമതിയില്ലാതെ പൊളിച്ചുവിറ്റും കെഎസ്ഇബിക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ കട ബാധ്യതയാക്കിയും ഭാസുരാംഗന്‍ ക്ഷീര സംഘത്തെ പ്രതിസന്ധിയിലാക്കി. ജീവനക്കാരില്‍ മിക്കവര്‍ക്കും ആനുകൂല്യം പോലും കൊടുക്കാതെയാണ് പറഞ്ഞുവിട്ടത്.

'ക്ഷീര'യുടെ മറവില്‍ പലയിടങ്ങളില്‍ നിന്നും കോടികളാണ് ഭാസുരാംഗന്‍ വാങ്ങിക്കൂട്ടിയതെന്നും എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കേ ഒരു കോടി വാങ്ങി. ഭാസുരാംഗന്‍ തന്നെ പ്രസിഡണ്ടായ കണ്ടല ബാങ്കില്‍ നിന്ന് അനധികൃതമായി രണ്ട് കോടിയിലേറെ രൂപ ക്ഷീരയ്ക്ക് വേണ്ടി എടുത്തു. അതില്‍ ഒരു രൂപ പോലും ഇപ്പോഴും തിരിച്ചടച്ചിട്ടില്ല. നാട്ടുകാരോട് 9 ശതമാനം പലിശ തരാം എന്ന് പറഞ്ഞ് നിക്ഷേപം വാങ്ങിയും നിരവധി പേരെ ഭാസുരാംഗന്‍ കബളിപ്പിച്ചിട്ടുണ്ട്. പിന്നാലെ 1959 ല്‍ തുടങ്ങിയ സ്ഥാപനം വൈകാതെ അഴിമതി കേന്ദ്രമായി.

2010 ല്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്ഷീരയിലെ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നാലെ 32 വകുപ്പ് പ്രകാരം ഭരണ സമിതി പിരിച്ചുവിട്ടു. സാങ്കേതികത്വം പറഞ്ഞ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്. പക്ഷേ അഴിമതി തുടര്‍ന്നു. പ്ലാന്റ് പൂട്ടി. ജീവനക്കാര്‍ പെരുവഴിയിലായി. പിന്നീട് മില്‍മയില്‍ മല്‍സരിക്കാന്‍ ക്ഷീരയെ ഭാസുരാംഗന്‍ തന്ത്രപരമായി ഉപയോഗിച്ചു. ദിവസം പതിനായിരത്തിലേറെ ലിറ്റര്‍ പാല്‍ സംഭരിച്ച കേരളത്തിലെ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുണ്ടായ നാടിനെ കൂടിയാണ് ഭാസുരാംഗന്‍ ഇല്ലാതാക്കിയത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com