തട്ടം പരാമർശം: സിപിഐഎമ്മിന്റെ അധഃപതനം; വിശ്വാസങ്ങളിലേക്ക് കടന്ന് കയറുന്നുവെന്ന് പിഎംഎ സലാം

എന്ത് കൊണ്ട് മുസ്ലിം വിഭാഗത്തിന്റെ വേഷം മാത്രം ചർച്ചയാകുന്നു? സമാന വസ്ത്രങ്ങൾ അണിയുന്നവർ എന്ത് കൊണ്ട് വിമർശന വിധേയമാകുന്നില്ലെന്നും പി എം എ സലാം

dot image

മലപ്പുറം: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേട്ടമാണെന്ന വിവാദ പരാമര്ശത്തില് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇടതുപക്ഷത്തിന്റെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിധിക്ക് പുറത്ത് പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങളിലേക്ക് സിപിഐഎം കടന്ന് കയറുകയാണ്. വഖഫ് വിഷയത്തിലും ശബരിമല വിഷയത്തിലും അത് ചൂണ്ടിക്കാണിച്ചിരുന്നു. അനിൽ കുമാറിന്റെ പ്രസ്താവന വഴി സിപിഐഎം നിലപാട് പുറത്ത് വന്നിരിക്കുകയാണ്. സത്യം പുറത്ത് വന്നതാണോ അബദ്ധത്തിൽ പറഞ്ഞതാണോ എന്നറിയില്ല. തട്ടം ഒഴിവാക്കാൻ സിപിഐഎം പ്രവർത്തിച്ചു എന്നാണ് അനിൽ കുമാർ പറയുന്നത്.

ആരെങ്കിലുമല്ല ഇത് പറഞ്ഞത്, സിപിഐഎം സംസ്ഥാന സമിതി അംഗമാണ് പറഞ്ഞത്. സഖാവ് സുർജിത് മരിക്കുന്നത് വരെ തട്ടം ഒഴിവാക്കിയിട്ടില്ല. സുർജിത്തിന്റെ തട്ടം ഒഴിവാക്കാൻ കഴിയാത്തവരാണ് മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടം ഒഴിവാക്കാൻ ശ്രമിക്കുന്നത്. സിപിഐഎം ഉള്ളിലിരിപ്പ് പുറത്ത് വന്നുവെന്നും പിഎംഎ സലാം വ്യക്തമാക്കി. മതവിരുദ്ധമായ പ്രസ്ഥാനമായി സിപിഐഎം മാറുകയാണ്. തട്ടം തലയിൽ ഉള്ളതുകൊണ്ട് എന്താണ് പ്രശ്നം? തട്ടം ഇട്ടുകൊണ്ട് ബഹിരാകാശ ഗവേഷക ആകാൻ മലപ്പുറത്തെ പെൺകുട്ടികൾക്ക് സാധിച്ചു. സർവകലാശാല തെരഞ്ഞെടുപ്പിൽ തട്ടമിട്ട എംഎസ്എഫ് പെൺകുട്ടികൾ മുന്നേറി.

ഇത്രയും വലിയ പ്രസ്താവന നടത്തിയിട്ടും ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഒരുക്ഷരം പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനമാണ് ഇത്. മാന്യത ഉണ്ടെങ്കിൽ ഔദ്യോഗികമായി പാർട്ടി നിലപാട് പറയണം. പാർട്ടിയുടെ നയമല്ല എന്ന് ഏതെങ്കിലും വഴിപോക്കന്മാർ പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ ഫോൺ കിട്ടിയാൽ എല്ലാമായി എന്ന് പറയുന്നവർ ഇതിൽ നിലപാട് പറയണമെന്നും മത സംഘടനാ നേതാക്കളും മറുപടി പറയണമെന്നും ഇടതുപക്ഷം അടുപ്പം കാണിക്കുന്ന സമസ്ത നേതാക്കളെ പരോക്ഷമായി വിമർശിച്ച് പി എം എ സലാം ആവശ്യപ്പെട്ടു.

ജലീൽ പാർട്ടിയുടെ വരാന്തയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പലർക്കും മലപ്പുറം എന്ന് കേട്ടാൽ അലർജിയാണ്. മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചു ജയിക്കുന്നു എന്ന് പറഞ്ഞത് പൊളിറ്റ് ബ്യൂറോ അംഗമാണ്. മതസംഘടനകൾ അഭിപ്രായങ്ങൾ പറയണം. എന്ത് കൊണ്ട് മുസ്ലിം വിഭാഗത്തിന്റെ വേഷം മാത്രം ചർച്ചയാകുന്നു? സമാന വസ്ത്രങ്ങൾ അണിയുന്നവർ എന്ത് കൊണ്ട് വിമർശന വിധേയമാകുന്നില്ലെന്നും പിഎംഎ സലാം ചോദിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us