ഓർമ്മയാവുന്നത് ആരാധകരേറെയുള്ള ആ 'ആനത്തലവട്ടം ശൈലി'

ലാവലിനോ സോളാറോ എന്തുവിഷയത്തിലും യുവാക്കളേക്കാൾ വീറോടും വാശിയോടും കൂടി ആനത്തലവട്ടം വാദിച്ചു. എന്നാൽ ഒരിക്കലും മര്യാദ കൈവിട്ടിട്ടുമില്ല.

dot image

തിരുവനന്തപുരം: പഴയകാല നേതാവായിരുന്നെങ്കിലും തൻെറ രാഷ്ട്രീയം പുറയാൻ ടെലിവിഷൻ ചർച്ചകളെയും ഫലപ്രദമായി അദ്ദേഹം ഉപയോഗിച്ചു. ചർച്ചകളിലെ ആനത്തലവട്ടം ശൈലിക്കും ഏറെ ആരാധകരുണ്ട്.

ചൂഷണവും യാതനകളും നിറഞ്ഞ ഭൂതകാലത്ത് അഞ്ചുതെങ്ങ് കായൽ തീരത്തെ കയർ കളങ്ങളിൽ നിന്ന് ചെങ്കൊടിക്കൊപ്പം ഒരു ശബ്ദമുയർന്നു. ആനന്ദൻ എന്നായിരുന്നു ശബ്ദത്തിൻെറ ഉടമയുടെ പേര്.കയർക്കളങ്ങളിൽ മുഴങ്ങിയ ഈങ്ക്വിലാബ് വിളി പാഴായില്ല. കൂലിക്കും ആനുകൂല്യങ്ങൾക്കും വേണ്ടി പൊരുതാൻ തൊഴിലാളികൾക്ക് ആത്മവിശ്വാസമായി. ആനന്ദൻ അവരുടെ നേതാവായി. പേരിനൊപ്പം ചിറയിൻകീഴിലെ കൊച്ചു നാട്ടുപ്രദേശം കൂടി ചേർന്നപ്പോൾ ആനത്തലവട്ടം ആനന്ദനായി.

പിരിക്കയറിൻെറ ഇഴകളിൽ പിണഞ്ഞു കിടക്കുന്ന ചകിരി നാര് പോലെ അയാൾ അവരിലൊരാളായി. പിന്നെയങ്ങോട്ട് തൊഴിലാളികൾക്ക് വേണ്ടി അസംഖ്യം സമരങ്ങൾ. അടിയന്തിരവസ്ഥ കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പോയി,പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായാണ് പാർലമെൻററി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.1987ൽ ആറ്റിങ്ങലിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 96ലും 2006ലും എം.എൽ.എയായി. നിയമസഭയിലും പുറത്തും തൊഴിലാളികൾക്ക് വേണ്ടിയാണ് വാദിച്ചത്.

പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളുവെങ്കിലും തൊഴിലാളി നേതാവെന്ന നിലയിൽ നേടിയ അറിവും അനുഭവപരിചയവും ഏത് സംവാദങ്ങളിലും ഇടപെടാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. രാഷ്ട്രീയ ചർച്ചകൾ ടെലിവിഷൻ പ്ളാറ്റ്ഫോമിലേക്ക് മാറിയ പുതിയ കാലത്തും ഈ കഴിവ് സമകാലീനരായ നേതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. ലാവലിനോ സോളാറോ എന്തുവിഷയത്തിലും യുവാക്കളേക്കാൾ വീറോടും വാശിയോടും കൂടി ആനത്തലവട്ടം വാദിച്ചു. എന്നാൽ ഒരിക്കലും മര്യാദ കൈവിട്ടിട്ടുമില്ല.

എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവായ അദ്ദേഹം സി.ഐ.ടിയു സംസ്ഥാന പ്രസിഡൻറും സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമായിരുന്നു. ഉദര രോഗത്തിന് കീഴടങ്ങിയാണ് ജീവിതമെന്ന സമരഭൂമിയിൽ നിന്ന് ആനത്തലവട്ടം വിടവാങ്ങുന്നത്. നെഞ്ചത്ത് ചെങ്കൊടി പുതച്ച് വിടപറഞ്ഞാലും, സഖാവേ ആയിരങ്ങളുടെ മനസിൽ നിങ്ങളൊരു ഓർമ്മക്കൊടിയായി ഉയർന്ന് നിൽക്കും.

dot image
To advertise here,contact us
dot image