കണ്ണേ കരളേ...സമരജീവിതം നൂറ്റാണ്ടിന്റെ നിറവില്: വിഎസ് @100

കണ്ണേ കരളേ എന്ന് ഒരു നേതാവിനെയെ കേരളം ഉള്ളുകൊണ്ട് വിളിച്ചിട്ടുള്ളൂ...വിഎസ് എന്ന രാഷ്ട്രീയ നൂറ്റാണ്ടിന് റിപ്പോര്ട്ടറിന്റെ ജന്മദിനാശംസകള്...

dot image

കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതം ഇന്ന് നൂറ്റാണ്ടിന്റെ നിറവില്. മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ് വയസ്സ് തികയുകയാണ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില് അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല് തൊഴിലാളിയില് നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളില് ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.

ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും, വിഎസിനെ കമ്യൂണിസ്റ്റ് കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. കണ്ണേ കരളേ എന്ന് വിളിച്ച് കൂടെ നിന്നു. നാല്പതുകളിലെ ഫ്യൂഡല് - കൊളോണിയല് കാലം മുതല്, 2014 ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ, എല്ലാ ചൂഷിത വ്യവസ്ഥകളോടും പൊരുതി, കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി വിഎസ്. ഇന്നും ജനസമ്മതിക്കിടയില് വിശ്രമിക്കുന്ന ഒരു നൂറ്റാണ്ടിന്റെ ശൗര്യം.

തൊഴിലാളികളുടെ വിയര്പ്പിന്റെ ഭാഷയിലാണ് വിഎസ് എന്നും സംസാരിച്ചത്. കര്ഷകരും കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്മാരും ഹോട്ടല് തൊഴിലാളികളുമെല്ലാമായ സാധാരണക്കാര്ക്ക് മനസ്സിലാകാത്ത ഒരു ഭാഷയും ഒരു വാക്കും വിഎസ്സിനുണ്ടായിരുന്നില്ല.

നീട്ടിയും കുറുക്കിയുമുള്ള, സരസവും കാര്ക്കശ്യവും നിറഞ്ഞ വിഎസ്സിന്റെ ശബ്ദം പല പതിറ്റാണ്ടുകളിലായി കേരളത്തിന്റെ തെരുവുകളില് ദശ ലക്ഷങ്ങളെ ആവേശം കൊള്ളിച്ചു. പ്രിയപ്പെട്ട വിഎസ്സിനെ ഒരു നോക്ക് കാണാന്, ആ പ്രസംഗത്തിന് കയ്യടിക്കാന് ഒരു ദിവസത്തെ കൂലിപ്പണി കളഞ്ഞ് തൊഴിലാളികള് പുഴകടന്ന്, മലകടന്ന്, കാനന ദൂരങ്ങള് പിന്നിട്ട് ബസ്സിലും ജീപ്പിലും ലോറിയിലും ട്രെയിനിലുമായി പൊതുയോഗങ്ങളിലേക്ക് ആര്ത്തിരമ്പിവന്നു. ആയിരങ്ങള് വിഎസ്സിനെ സഖാവേ എന്ന് കണ്ഠമിടറി വിളിച്ചു. തന്റേതായ തനത് ശൈലി കൊണ്ട് അണികളെ ആവേശം കൊള്ളിച്ചും, ഹാസ്യാത്മക പ്രയോഗങ്ങള് കൊണ്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനസാഗരങ്ങളില് ഇളകിമറിയുമായിരുന്നു വിഎസ്. വിഎസ് എന്ന സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ കാലം കൂടിയാണ് കേരളം പിന്നിട്ട ഈ നൂറ്റാണ്ട്.

1923 ല് പുന്നപ്രയിലെ വെന്തലത്തറ വീട്ടില് ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരന് അച്ച്യുതാനന്ദന് ജനിക്കുന്നത്. ജന്മിത്വത്തിന്റെ ദുഷ്ചെയ്തികളും ജാതീയമായ ഉച്ഛനീചത്വങ്ങളും കൊടികുത്തിവാണിരുന്ന തിരുവിതാംകൂറിന്റെ കഥകള് കേട്ട് വളര്ന്ന അച്യുതാനന്ദനില് ചെറുപ്പം മുതലേ എല്ലാത്തിനോടും കലഹിക്കാനുള്ള മനസ്സുണ്ടായിരുന്നു.

പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധയില് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. വസൂരിബാധിതയായ അമ്മയെ ദൂരെനിന്ന് മാത്രം നോക്കിക്കാണേണ്ടി വന്ന അനുഭവം വിഎസ് പിന്നീട് വേദനയോടെ വിവരിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില് തന്നെ അനാഥനാക്കിയ ദൈവത്തോട് കലഹിച്ചാണ് അച്ച്യുതാനന്ദന് എന്ന ബാലന് നിരീശ്വരവാദിയായത്.സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലില് ഏഴാം ക്ലാസ് വരെ പഠിച്ചെങ്കിലും പട്ടിണിയെ അതിജീവിച്ച് സ്കൂള് യൂനിഫോമും പുസ്തകങ്ങളും വാങ്ങാനുള്ള ശേഷിയില്ലാത്തതിനാല് പള്ളിക്കൂടത്തോട് അന്ന് തന്നെ വിഎസ് സലാം പറഞ്ഞു.

ജൗളിക്കടയില് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കമ്യൂണിസ്റ്റ് പാര്ട്ടിയിലേക്ക് ആകര്ഷിക്കപ്പെടുന്നത്. 17ാം വയസ്സില് അന്ന് നിരോധിതമായിരുന്ന കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായി. കയര് ഫാക്ടറിയിയില് ജോലി ചെയ്തിരുന്ന കാലത്ത് പി കൃഷ്ണപിള്ളയുടെയും ആര് സുഗതന്റെയും സി ഉണ്ണിരാജയുടെയും സ്റ്റഡി ക്ലാസ്സുകള് വിഎസ്സിലെ കമ്യൂണിസ്റ്റ് വീര്യത്തെ വളര്ത്തി.

കോഴിക്കോട് വെച്ച് നടന്ന പാര്ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തില് ആലപ്പുഴയുടെ പ്രതിനിധിയായി വിഎസ് പങ്കെടുത്തു. കുട്ടനാട്ടെ പാടശേഖരങ്ങളില് കര്ഷക സമരങ്ങളുടെ തീക്കാറ്റ് വീശുന്ന കാലമായിരുന്നു അത്. കൂലി സമരങ്ങളും, മുതലാളിമാരുടെ കയ്യേറ്റങ്ങള്ക്കെതിരായ കായിക ചെറുത്തുനില്പുകളും ഉയര്ന്നുവന്നതോടെ, നിവര്ന്നുനിന്നാല് അടിമജീവിതത്തില് നിന്നും പുറത്തുകടക്കാം എന്ന് തൊഴിലാളികള് തിരിച്ചറിഞ്ഞു. തിരുവിതാംകൂറിലെ പാടങ്ങളില് ചെങ്കൊടിക്കമ്പുകള് ആഴ്ന്നിറങ്ങി. ഐതിഹാസികമായ കര്ഷകപോരാട്ടങ്ങളുടെ തുടര്ച്ചയില് പുന്നപ്ര വയലാര് സംഭവിച്ചു. വാരിക്കുന്തവുമായി കര്ഷകര് തിരുവിതാംകൂറിന്റെ കൂലിപ്പട്ടാളത്തെ നേരിട്ടു. പുന്നപ്ര വയലാര് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരെയെല്ലാം പൊലീസ് പിടികൂടിയപ്പോള് വിഎസും അറസ്റ്റിലായി. കസ്റ്റഡിയില് വിഎസ് നേരിട്ടത് വിവരണാതീതമായ പൊലീസ് മര്ദനങ്ങളാണ്.

1952ല് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ആലപ്പുഴ ഡിവിഷണല് സെക്രട്ടറി, 1956ല് ജില്ലാ സെക്രട്ടറി, 1959ല് ദേശീയ കൗണ്സില് അംഗം, അങ്ങനെ വിഎസിലെ കമ്യൂണിസ്റ്റിനൊപ്പം പദവികളും വളര്ന്നു. 1964ല് സിപിഐ പിളര്ന്ന് സിപിഐഎം രൂപം കൊണ്ടപ്പോള്, പുതിയ പാര്ട്ടിയുടെ സ്ഥാപക നേതാക്കളില് ഒരാളായി വിഎസ് മാറി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസിന് സ്വന്തം പാര്ട്ടിയില് നിന്നു തന്നെ അപമാനങ്ങളും ആക്ഷേപങ്ങളും അച്ചടക്കനടപടിയും പല തവണ ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും ഒരുകാലത്തും പാര്ട്ടി വിട്ട് പുറത്തുപോകാന് വിഎസ് ആലോചിച്ചില്ല. ഇത് താന് കൂടി ജീവിതം കൊടുത്ത് ഉണ്ടാക്കിടെയുത്ത പാര്ട്ടിയാണെന്ന ബോധ്യം വിഎസ്സിനുണ്ടായിരുന്നു.

തെരഞ്ഞെടുപ്പുകളില് പാര്ട്ടി ജയിക്കുമ്പോള് വിഎസ് തോല്ക്കുകയും പാര്ട്ടി തോല്ക്കുമ്പോള് വിഎസ് ജയിക്കുകയും ചെയ്യുന്നതിന് കേരളം ഒന്നിലേറെ തവണ സാക്ഷിയാകേണ്ടി വന്നത് ഘടനാപരമായ പാര്ട്ടി രീതികളും, വിഎസ് എന്ന രാഷ്ട്രീയ ശരീരത്തിന്റെ സഞ്ചാരവഴികളും തമ്മിലുള്ള പൊരുത്തക്കേടുകള് കൊണ്ടായിരുന്നു.

വിഎസ് എന്ന രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളുടെ പൂര്ണരൂപം സമരകേരളത്തിന്റെ ഇന്നലെകള് കൂടിയാണ്. മതികെട്ടാനില്, മുല്ലപ്പെരിയാറില്, മറയൂരില്, മൂന്നാറില്, പൂയംകുട്ടിയില്, പ്ലാച്ചിമടയില്, ഇടമലയാറില്, കിളിരൂരില്, സൂര്യനെല്ലിയില്, എന്ഡോസള്ഫാന് പ്രശ്നത്തില്, ഐസ്ക്രീം പാര്ലര് കേസില് അങ്ങനെ അങ്ങനെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വീക്ഷണകോണുകള്ക്ക് പുറത്തെ സകല ജീവിത പ്രശ്നങ്ങളിലും വിഎസ്സിന്റെ രാഷ്ട്രീയ ശബ്ദം മുഴങ്ങി.

ആധുനിക കേരളത്തില് അടിമജീവിതം നയിക്കാന് വിധിക്കപ്പെട്ട മൂന്നാറിലെ തോട്ടം തൊഴിലാളികള് ആരുടെയും പിന്തുണയില്ലാതെ പെമ്പിളൈ ഒരുമൈ എന്ന പേരില് സമരത്തിനിറങ്ങിയപ്പോള്, ഒരു രാഷ്ട്രീയ നേതാവിനും, ജനപ്രതിനിധിക്കും അവരുടെ അടുത്തേക്ക് ചെല്ലാന് സാധിച്ചില്ല. എല്ലാവരെയും അവര് ആട്ടിപ്പായിച്ചു. മുഖ്യധാരയുടെ വികസനസങ്കല്പത്തില് നിന്നും ആട്ടിയോടിക്കപ്പെട്ട മനുഷ്യരുടെ പ്രതിഷേധമായിരുന്നു അത്.

എന്നാല് പ്രക്ഷുഭ്ധമായ ആ തൊഴിലാളി സമരത്തിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലാന് കഴിഞ്ഞ നേതാവാണ് വിഎസ്. തൊഴിലാളികളുടെ മുദ്രാവാക്യം വിജയം കണ്ടതിന് ശേഷം മാത്രമാണ് വിഎസ് അന്ന് മൂന്നാറില് നിന്ന് മലയിറങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില് ഉയര്ത്തിയത് വിഎസ് ആയിരുന്നു. വികസനവിരോധിയെന്നും വെട്ടിനിരത്തല് വീരനെന്നും വിശേഷിപ്പിക്കപ്പെട്ടപ്പോഴും വിഎസ് കൂസാതെ നിന്നു. ഭൂമി ക്രയവിക്രയത്തിനുള്ള ചരക്കല്ലെന്നും അധ്വാനവര്ഗത്തിന്റെ ഉല്പാദനോപാധിയാണെന്നുമുള്ള മാര്ക്സിസ്റ്റ് സിദ്ധാന്തം വിഎസ് പഠിച്ചത് സര്വകലാശാലകളില് നിന്നായിരുന്നില്ല. തൊഴിലാളി സമരങ്ങളില് നിന്നായിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രമായ വിഎസ് എന്ന രണ്ടക്ഷരം സിപിഐഎമ്മിന്റെ പിറവിയോടൊപ്പവും അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് എന്നിങ്ങനെ ഭരണരംഗത്തും വിഎസ് വ്യക്തിമുദ്രപതിപ്പിച്ചു.

പ്രായം വിഎസിനെ തളര്ത്തിയിട്ട് വെറും നാല് വര്ഷമേ ആകുന്നുള്ളൂ. പക്ഷാഘാതത്തിന്റെ തളര്ച്ചയില് വിശ്രമത്തിലാണെങ്കിലും വിഎസ് എന്ന രാഷ്ട്രീയ പക്ഷം പാര്ട്ടിയുടെ രക്തത്തില് ഇപ്പോഴും ഊര്ജ്ജം നിറയ്ക്കുന്നുണ്ട്. കേരളരാഷ്ട്രീയ ചരിത്രത്തിന്റെ ആവേശോജ്ജ്വലമായ ഇനീഷ്യലാണ് ഇന്നും വിഎസ് എന്ന രണ്ടക്ഷരം.

പ്രായക്കൂടുതലിനെക്കുറിച്ച് രാഷ്ട്രീയ എതിരാളികള് ഒരിക്കല് പരിഹാസം ഉന്നയിച്ചപ്പോള്, നാല് വരി കവിതയായിരുന്നു വി എസിന്റെ മറുപടി.

തല നരയ്ക്കുകയല്ല എന്റെ വൃദ്ധത്വം

തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്

തലകുനിക്കാത്തതാണെന്റെ... യൗവനം...

കണ്ണേ കരളേ എന്ന് ഒരു നേതാവിനെയേ കേരളം ഉള്ളുകൊണ്ട് വിളിച്ചിട്ടുള്ളൂ...വിഎസ് എന്ന രാഷ്ട്രീയ നൂറ്റാണ്ടിന് റിപ്പോര്ട്ടറിന്റെ ജന്മദിനാശംസകള്...

dot image
To advertise here,contact us
dot image