തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. സിഎംആർഎൽ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടതിലാണ് തോമസ് ഐസകിന്റെ വിമർശനം. വി ഡി സതീശൻ ഇൻഡ്യ ബ്ലോക്കിൻ്റെ നേതാവാണെന്ന് ഓർക്കണം. ഇഡിയെ ഇൻഡ്യ ബ്ലോക്ക് നേതാക്കൾക്കെതിരെയുളള രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിജെപിയുടെ ആ രാഷ്ട്രീയ ലക്ഷ്യത്തിന് പ്രതിപക്ഷ നേതാവടക്കം താളം പിടിക്കുന്നുവെന്നും തോമസ് ഐസക് വിമർശിച്ചു.
സിഎംആർഎല്ലുമായുളള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം നിലവാരം കുറഞ്ഞതും യുക്തി രഹിതവുമാണ്. അക്കൗണ്ടിലൂടെ കൈമാറി ജിഎസ്ടി അടച്ച പണം കള്ളപ്പണം ആവുന്നത് എങ്ങനെയെന്നും തോമസ് ഐസക് ചോദിച്ചു. രജിസ്ട്രേഷന് മുൻപുള്ള പണമിടപാടിന് ജിഎസ്ടി അടയ്ക്കാനാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎക്കും ഐസക്ക് മറുപടി നൽകി. ജിഎസ്ടി നിയമത്തിൽ അതിന് വ്യവസ്ഥയുണ്ട്. ജിഎസ്ടി നിയമത്തിലെ 40-ാം വകുപ്പ് കുഴൽനാടൻ വായിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
മാസപ്പടി വിവാദത്തിൽ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില് മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. വീണയുടെ കമ്പനി സർവീസ് നൽകിയിട്ടില്ലെന്ന് സിഎംആർഎൽ കമ്പനി തന്നെ പറഞ്ഞിട്ടുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഇടപാടുകൾ നടന്നതെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു. ഈ രണ്ട് കമ്പനിയും തമ്മിൽ ചേർച്ചയില്ല വീണയുടെ കമ്പനി ജിഎസ്ടി അടച്ചോയെന്നത് മാസപ്പടി ആരോപണത്തെ ബാധിക്കുന്നതല്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
സേവനം നൽകാതെ പണം കൈമാറ്റം നടന്നുവെന്നതാണ് പ്രധാന കേസ്. മാസപ്പടി സംബന്ധിച്ച് തങ്ങൾ ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ എംഎല്എ ഈ വിഷയം ആദ്യമായി ഏറ്റെടുത്തത്. തങ്ങൾക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടിയുമായി മാത്യു കുഴൽനാടൻ മുന്നോട്ട് പോകുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഏതെങ്കിലും രീതിയിലുളള സംഭാവന നല്കാനാണെങ്കില് മുഖ്യമന്ത്രിയുടെയോ പാര്ട്ടിയുടേയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതല്ലേ നല്ലത്, അല്ലാതെ മുഖ്യമന്ത്രിയുടെ മകള് വീണ വിജയന്റെ അക്കൗണ്ടിലേക്ക് സംഭാവന അയക്കേണ്ടതല്ലെന്നും വി ഡി സതീശന് പറഞ്ഞു. പുതുപ്പളളിയിലെ തിരഞ്ഞെടുപ്പ് കാലയളവില് തന്നെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം പരാതി നല്കിയെന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് നിയമപരമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും വി ഡി സതീശന് വ്യക്തമാക്കിയിരുന്നു.