മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടു, സത്യസന്ധമായ വിധിയല്ല; ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍

ഹൈക്കോടതിയില്‍ പോവുമെന്നും അവിടെ നിന്നും നീതി കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടു, സത്യസന്ധമായ വിധിയല്ല; ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍
Updated on

തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ. സത്യസന്ധമായ വിധിയല്ല. കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, തലയില്‍ മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടിക്ക് പോയ ന്യായാധിപന്‍മാര്‍, ഇത്തരത്തിലുള്ള ന്യായാധിപന്‍മാരില്‍ നിന്നെല്ലാം സര്‍ക്കാരിന് അനുകൂലമായ വിധിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം അവര്‍ക്ക് കിട്ടും. കെ ടി ജലീലിന്റെ കേസിനേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നത്. ഹൈക്കോടതിയില്‍ പോവുമെന്നും അവിടെ നിന്നും നീതി കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളുകയായിരുന്നു. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായ പ്രധാന ഹര്‍ജിയും ലോകായുക്ത തള്ളിയത്.

മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്ന വിധിയാണ് വന്നിരിക്കുന്നത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com