'CMDRF ഹർജി തള്ളിയ ലോകായുക്ത നടപടി അങ്ങേയറ്റം സ്വാഗതാർഹം'; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌

എൽഡിഎഫ്‌ സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ്‌ ദുരിതാശ്വാസനിധി കേസ്‌ വിധിയിലൂടെ തെളിഞ്ഞത്
'CMDRF ഹർജി തള്ളിയ  ലോകായുക്ത നടപടി അങ്ങേയറ്റം സ്വാഗതാർഹം'; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌
Updated on

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ്‌ ദുരിതാശ്വാസനിധി കേസ്‌ വിധിയിലൂടെ തെളിഞ്ഞതെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്‌തതിനെതിരായ ഹർജി ലോകായുക്ത തള്ളിയ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണ്‌. അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിച്ച്‌ പരാതികൾ നൽകി നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത്‌ സർക്കാരിനെതിരായ ചർച്ചകൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസരമൊരുക്കുകയാണ്‌. കോൺഗ്രസ്‌, ബിജെപി നേതാക്കൾ നേരിട്ടും അല്ലാതെയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളിൽ പരാജയപ്പെട്ടതിന്‌ നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായി. സർവകലാശാലയിലെ കോൺഗ്രസ്‌ സംഘടനാ നേതാവയിരുന്നയാളാണ്‌ ലോകായുക്തയിൽ ഹർജി നൽകിയത്‌. വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സർവകലാശാലകളുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നേരത്തെ നൽകിയ ഹർജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നു.

ദുരിതാശ്വാസ നിധി കേസിൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നാണ്‌ ലോകായുക്ത വിധി. സ്വജനപക്ഷപാതമോ നീതിനിഷേധമോ കണ്ടെത്താൻ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന്‌ മന്ത്രിസഭയ്‌ക്കുള്ള അധികാരത്തെ ചോദ്യം ചെയ്യാനും കഴിയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിസഭയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ കേവലം ഹർജിക്കാരന്റെ മാത്രം താൽപര്യമല്ലെന്നും ഗൂഢമായ രാഷ്‌ട്രീയ നീക്കങ്ങൾ പിന്നിലുണ്ടെന്നും വ്യക്തമാണെന്നും സിപിഐഎം പറഞ്ഞു.

ഹർജിയുടെ പേരുപറഞ്ഞ്‌ മുഖ്യമന്ത്രിയേയും എൽഡിഎഫ്‌ സർക്കാരിനേയും തേജോവധം ചെയ്തുവരികയായിരുന്നു കോൺഗ്രസും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും. വിധി പ്രസ്താവം കോൾക്കാൻ കോൺഗ്രസ്‌ നേതാവ്‌ അടക്കം എത്തിയതും ഹർജിക്ക്‌ പിന്നിലെ രാഷ്‌ട്രീയ താൽപര്യങ്ങൾ തുറന്നു കാണിക്കുന്നു.

ഏറ്റവും സുതാര്യമായി നടന്നുവരുന്ന സംവിധാനമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം. ആർക്കും അറിയാവുന്ന വിധത്തിലും നൂലാമാലകൾ ഒഴിവാക്കി സാധാരണക്കാർക്ക്‌ പ്രാപ്യമാകും വിധത്തിലുമാണ്‌ അതിന്റെ നടത്തിപ്പ്‌. എന്നാൽ, നേരത്തേയും ദുരിതാശ്വാസ നിധി വിതരണം സംബന്ധിച്ച്‌ അനാവശ്യ വിവാദത്തിന്‌ ചിലർ മുതിർന്നിരുന്നു.

'CMDRF ഹർജി തള്ളിയ  ലോകായുക്ത നടപടി അങ്ങേയറ്റം സ്വാഗതാർഹം'; സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌
ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്; ദുരിതാശ്വാസനിധി വകമാറ്റിയ കേസ്, സര്‍ക്കാരിന് ആശ്വാസം

കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാൻ പറ്റാത്തതിന്റെ ജാള്യവും സർക്കാരിന്റെ ജനസമ്മതിയുമാണ്‌ ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങൾ നടത്താൻ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്‌. വ്യാജനിർമ്മിതികൾ കൊണ്ട്‌ എൽഡിഎഫ്‌ സർക്കാരിനെ ഇല്ലാതാക്കാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com