ആലുവ ബലാത്സംഗക്കൊലപാതകം: 'തികച്ചും ആശ്വാസകരമായ കോടതി വിധി'; കെ കെ ശൈലജ എംഎൽഎ

സമർത്ഥമായ കേസന്വേഷണവും പ്രോസിക്യൂഷൻ സ്വീകരിച്ച ഇടപെടലുകളും കോടതി നടത്തിയ ശരിയായ നിഗമനവും ഈ വിധിയിൽ എത്തി
ആലുവ ബലാത്സംഗക്കൊലപാതകം: 'തികച്ചും ആശ്വാസകരമായ കോടതി വിധി'; കെ കെ ശൈലജ എംഎൽഎ
Updated on

കാസർകോഡ്: ആലുവ ബലാത്സംഗക്കൊലപാതക കേസിൽ തികച്ചും ആശ്വാസകരമായ കോടതി വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് കെ കെ ശൈലജ എംഎൽഎ. ജനങ്ങൾ പ്രതീക്ഷിച്ച വിധി. സമർത്ഥമായ കേസന്വേഷണവും പ്രോസിക്യൂഷൻ സ്വീകരിച്ച ഇടപെടലുകളും കോടതി നടത്തിയ ശരിയായ നിഗമനവും ഈ വിധിയിൽ എത്തിയെന്ന് കെ കെ ശൈലജ പറഞ്ഞു.

കുട്ടിയെ പീഡിപ്പിച്ചപ്പോൾ അത് മനസ്സിന് മുറിവേറ്റു. കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയാണ് നമ്മുടെ മനസ്സിൻ്റെ ആശ്വാസം. പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും കഴിഞ്ഞു. കേരള പൊലീസിന് സമയബന്ധിതമായി ഇടപെടാൻ സാധിച്ചു. കോടതി കേസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു.

പരമാവധി ശിക്ഷ കിട്ടുമെന്ന് വിചാരിച്ചു അത് തന്നെ കിട്ടി. 'എണ്ണയിട്ട യന്ത്രം പോലെ എല്ലാ ഏജൻസികളും പ്രവർത്തിച്ചു'. പരമാവധി ശിക്ഷാ പ്രതിക്ക് ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവർക്കുള്ള താക്കീതാണ് ഈ വിധിയെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.

എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തില്‍ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിച്ചിരുന്നു. ക്രൂരകൃത്യത്തില്‍ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി പരിഗണിച്ചിരുന്നു.

ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതി അസഫാഖ് ആലത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജൂലൈ 30ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 1ന് പ്രതിയെ ദൃക്സാക്ഷികള്‍ തിരിച്ചറിയുകയായിരുന്നു. സെപ്തംബര്‍ 1നാണ് അന്വേഷണസംഘം 645 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 4ന് കോടതിയില്‍ വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്. കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. നവംബര്‍ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 13 വകുപ്പുകളിലാണ് പ്രതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതില്‍ നാല് വകുപ്പുകള്‍ വധശിക്ഷ വിധിക്കാന്‍ തക്ക ഗൗരവമുള്ളവയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com