പൂജാ ബമ്പർ കോടിപതിയെ ബുധനാഴ്ച അറിയാം; ഒന്നാം സമ്മാനം 12 കോടി

പൂജാ ബമ്പർ കോടിപതിയെ ബുധനാഴ്ച അറിയാം; ഒന്നാം സമ്മാനം 12 കോടി

നറുക്കെടുപ്പ് അടുത്തിരിക്കെ ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്
Published on

തിരുവനന്തപുരം: പൂജാ ബമ്പർ കോടിപതിയെ ബുധനാഴ്ച അറിയാം. 12 കോടിയാണ് ഒന്നാം സമ്മാനം. വ്യാഴാഴ്ച വരെ 31 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. നറുക്കെടുപ്പ് അടുത്തിരിക്കെ ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

12 കോടിയുടെ ആ മഹാഭാഗ്യം ആർക്കെന്ന കാത്തിരിപ്പിലാണ് കേരളം. ഒന്നാം സമ്മാനം സ്വന്തമാവുന്നത് ഒരു ഭാഗ്യവാനോ ഭാഗ്യവതിക്കോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികൾ. തല വര മാറ്റുന്ന പൂജ ബംബർ ഫലം അറിയാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.

മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തി പുതിയ സമ്മാന ഘടനയുമായാണ് പൂജാ ബംബർ ഇത്തവണ ജനങ്ങളിൽ എത്തിയത്. ഒന്നാം സമ്മാന വിജയിക്കൊപ്പം ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാർഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. 10 ലക്ഷം വീതം സമ്മാനം നൽകി പത്ത് പേരെ ലക്ഷാധിപതികളാക്കുന്ന മൂന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് മൂന്നു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനം. അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകൾക്ക് രണ്ടു ലക്ഷം വീതവും നൽകുന്ന വിധത്തിലാണ് സമ്മാനഘടന.

പുതിയ സമ്മാന ഘടനക്ക് ലഭിച്ച സ്വീകാര്യത വ്യക്തമാക്കി ടിക്കറ്റ് വിൽപനയും കുതിക്കുകയാണ്. 16-ാം തീയതി വരെയുള്ള കണക്ക് പ്രകാരം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ഭാഗ്യക്കുറി വിൽപ്പന ഏജന്റുമാരും കച്ചവടക്കാരും വഴി നേരിട്ടാണ് വിൽപ്പന. അതിനാൽ നറുക്കെടുപ്പ് അടുത്തിരിക്കെ വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്നും ലോട്ടറി വകുപ്പ് നിർദേശിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

logo
Reporter Live
www.reporterlive.com