'കോൺഗ്രസിൻ്റെ കയ്യിലിരുപ്പ് കൊണ്ടാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജയിച്ചത്'; പിണറായി വിജയൻ

'കേന്ദ്രത്തിന് പരിധിയില്ലാതെ കടമെടുക്കാനാവുന്നു, എന്നാൽ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നു'
'കോൺഗ്രസിൻ്റെ കയ്യിലിരുപ്പ് കൊണ്ടാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജയിച്ചത്'; പിണറായി വിജയൻ
Updated on

തൃശ്ശൂർ: കോൺഗ്രസിൻ്റെ കയ്യിലിരുപ്പ് കൊണ്ടാണ് ബിജെപി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവർഗീയതയെ മൃദുവർഗീയത കൊണ്ട് നേരിടാൻ ആകില്ല. അങ്ങനെ ആകുമെന്നാണ് കോൺഗ്രസ്‌ കരുതിയത്. ബിജെപിയുടെ ബി ടീം ആയിനിന്ന് ബിജെപിയെ തോല്പിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തിൽ നല്ല നിലയിലാണ് ധനകാര്യ മാനേജ്മെൻ്റ് നടക്കുന്നത്. അങ്ങനെയാണ് നമുക്ക് തനതു വരുമാനം, ആളോഹരി വരുമാനം, ആഭ്യന്തര വരുമാനം എന്നിവയിൽ മുന്നോട്ട് പോവാനായത്. കേന്ദ്രത്തിന് പരിധിയില്ലാതെ കടമെടുക്കാനാവുന്നുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേരളത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറക്കുന്നുവെന്നും ആരോപിച്ചു. പെൻഷൻ കൊടുക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര ധനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞു. എന്നാൽ ഞങ്ങളുടെ രീതിയല്ല നിങ്ങൾക്ക്. പെൻഷൻ വിഹിതം കൊടുക്കാൻ രൂപീകരിച്ച കമ്പനി എടുക്കുന്ന കടം സർക്കാരിൻ്റെ കടമായി കണക്ക് കൂട്ടി തുടങ്ങിതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഒരു ഘട്ടത്തിലും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാനത്തിൻ്റെ താൽപര്യത്തിനനുസരിച്ച് പാർലമെന്റിൽ സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി ജെ പി യുടെ മനസിൽ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോൺഗ്രസ് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെതിരെയുള്ള പ്രതിപക്ഷത്തിൻ്റെ വിമർശനത്തിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവൻ്റ് മാനേജ്മെന്റ് പരിപാടി പോലെ കയ്യടിച്ച് സ്വീകരിക്കണം എന്ന് പറയുന്ന പരിപാടി നിർത്തണം. ഞങ്ങൾക്ക് പ്രത്യേകം കയ്യടിയുടെ ആവശ്യമില്ല. ആരും അപ്രിയത്തോടെ വന്നതല്ലെന്നും പിന്നെന്തിനാണ് കയ്യടിക്കണമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം എന്തിനാണ് നവകേരള സദസിനെ എതിർക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

നവകേരള സദസ്സിനെ ഉൾകൊള്ളാൻ പറ്റുന്ന ഗ്രൗണ്ടുകൾ നമുക്കില്ലെന്ന് നവകേരള സദസ്സിലെ ജനപങ്കാളിത്തം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഒന്നും അസാധ്യമല്ല എന്ന് നമ്മൾ തെളിയിച്ചതാണ്. 'എല്ലാരും ഒന്നിച്ചു' എന്ന അവസ്ഥ വരാതിരിക്കാൻ ചിലർ ശ്രമിച്ചു. ഞങ്ങൾ അതിനെ കാര്യമാകുന്നില്ല. കോൺഗ്രസിൽ തീരുമാനം എടുക്കുന്നത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com