തൊടുപുഴ: വണ്ടിപ്പെരിയാര് കേസില് കട്ടപ്പന കോടതി വെറുതേ വിട്ട അര്ജ്ജുന്റെ വെളിപ്പെടുത്തലിനെതിരെ കേസിലെ സാക്ഷിയും കുട്ടിയുടെ ബന്ധുവുമായ യുവാവ്. ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി ചേര്ക്കപ്പെട്ട അര്ജ്ജുനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ ശേഷം അര്ജ്ജുന് റിപ്പോര്ട്ടര് ടി വിയില് ഡോ. അരുണ്കുമാറിന് നൽകിയ അഭിമുഖത്തില് നടത്തിയ വെളിപ്പെടുത്തലുകള്ക്കെതിരെയാണ് കുട്ടിയുടെ ബന്ധു രംഗത്തെത്തിയത്. ആത്മാര്ത്ഥ സുഹൃത്തുക്കളായ യുവാക്കള് തനിക്കെതിരെ മൊഴി നല്കിയെന്നായിരുന്നു അര്ജ്ജുന്റെ പ്രതികരണം. അത് പൂര്ണ്ണമായി തള്ളുകയാണ് ആറുവവയസുകാരിയുടെ ബന്ധുവായ യുവാവ്.
മൊബൈലില് വീഡിയോകള് കണ്ടിരുന്നത് താനല്ല സുഹൃത്തുക്കളാകുമെന്നായിരുന്നു അര്ജ്ജുന് പറഞ്ഞത്. എന്നാല് ഫോണ് മറ്റാര്ക്കും ഉപയോഗിക്കാന് അര്ജ്ജുന് കൊടുക്കുമായിരുന്നില്ലെന്ന് കേസിലെ സാക്ഷികൂടിയായ യുവാവ് പറയുന്നു. കൂട്ടുകാര്ക്കൊപ്പമുണ്ടായിരുന്ന സമയത്ത് അര്ജ്ജുന് തനിയെ പോയത് പൊലീസിനോട് പറയരുതെന്നും നാലുപേരും ഒരുമിച്ചായിരുന്നെന്ന് പറയണമെന്നും അര്ജ്ജുന് ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു. പ്രതി അര്ജ്ജുൻ തന്നെയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാള് പറയുന്നു.
അര്ജ്ജുനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ സര്ക്കാര് അപ്പീല് നല്കി കഴിഞ്ഞു. പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയില്ലെന്നാണ് കുടുംബത്തിൻ്റെ നിലപാട്. അര്ജ്ജുന് പറഞ്ഞത് പലതും കള്ളമാണെന്ന് സാക്ഷികള് വീണ്ടും ആവര്ത്തിക്കുകയാണ്. കുടുംബത്തിന്റെ നീതിക്കും സത്യം പുറത്ത് വരുന്നതിനുമായി കാത്തിരിക്കുകയാണ് നാട്ടുകാരും.
2021 ജൂൺ 30-നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോര്ട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ അര്ജ്ജുനെ വെറുതെ വിട്ടത്.