
ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകരെ നേരിട്ട് കണ്ട് സഹായമെത്തിച്ച് നടൻ ജയറാം. മാത്യുവിന്റെയും ജോർജിന്റെയും വീട്ടിലെത്തിയ നടൻ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'എബ്രഹാം ഓസ്ലറി'ന്റെ ട്രെയ്ലർ ലോഞ്ചിന് ചെലാവക്കാനിരുന്ന പണമാണ് കുട്ടികൾക്ക് നൽകുന്നത് എന്ന് ജയറാം പറഞ്ഞു. വാർത്ത കണ്ടപ്പോൾ തകർന്നു പോയി എന്നും സമാന അനുഭവം നേരിട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും ജയറാം പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്ക് കൃഷ്ണാഗിരിയിൽ നിന്ന് പശുക്കളെ വാങ്ങാൻ പറ്റും എന്നും ജയറാം കുട്ടികളോട് പറഞ്ഞു.
'കുട്ടികളുടെ വേദന വളരെ വലുതാണ്, ഞാനും കർഷകനാണ് എനിക്കത് ഉൾക്കൊള്ളാൻ കഴിയും'; ജയറാം'ഞാൻ മക്കളെ പോലെ വളർത്തിയ 22 പശുക്കൾ ആറ് വർഷം മുൻപ് ചത്തിരുന്നു. അവ നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കൾ ചത്തപ്പോഴാണ്. ഓസ്ലറിന്റെ ട്രെയ്ലർ ലോഞ്ച് നാളെ നടക്കേണ്ടിയതായിരുന്നു. ലോഞ്ച് ചെയ്യാനിരുന്നത് പൃഥ്വിരാജാണ്. ഞാൻ രാവിലെ തന്നെ പൃഥ്വിരാജിനെ വിളിച്ചു, നിർമ്മാതാവിനെ വിളിച്ചു, സംവിധായകൻ മിഥുൻ മാനുവലിനെ വിളിച്ചു. നാളെ ലോഞ്ച് നടക്കാതിരുന്നാൽ, ഭക്ഷണമൊക്കെയുണ്ടാക്കുന്ന ചെലവ് വേണ്ടെന്നു വെച്ചാൽ ഏകദേശം ഒരു അഞ്ച് ലക്ഷം രൂപയോളം മാറ്റിവെയ്ക്കാൻ കഴിയും. ഈ കുഞ്ഞുങ്ങൾക്ക് ഒരു പത്ത് പശുവിനെ എങ്കിലും വാങ്ങാൻ സാധിക്കും. അതൊന്ന് കൈമാറാൻ വേണ്ടിയും സാമാധാനിപ്പിക്കാൻ വേണ്ടിയുമാണ് വന്നത്. എല്ലാം ശരിയാകും. ഇവിടെ ഒരു 100 പശുക്കളെ വളർത്താനുള്ള തൊഴുത്ത് ഉണ്ടാകും', ജയറാം പറഞ്ഞു.
13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് ജയറാമിന്റെ സഹായംഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടു നിന്ന മാത്യുവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പ് അധികൃതർ ചികിത്സ നൽകി. മാത്യുവിനെ ഫോണിൽ വിളിച്ച മന്ത്രി ചിഞ്ചു റാണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിനും ജോർജിനും ലഭിച്ചിട്ടുണ്ട്. മികച്ച കുട്ടിക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് ജോതാവാണ് മാത്യു.