'മോദിയുടെ വരവുകൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ല; തട്ടുകടക്കാർക്ക് കച്ചവടം ലഭിച്ചു': കെ രാജൻ

'വടക്കുന്നാഥന്റെ എല്ലാ ജഡയും മുറിച്ചു'

dot image

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. മോദിയുടെ വരവ് കൊണ്ട് തട്ടുകടക്കാർക്കും ചെറിയ കച്ചവടം നടത്തുന്നവർക്കും നല്ല കച്ചവടം ലഭിച്ചു. അതിന് മോദിക്ക് പ്രത്യേക നന്ദിയെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു. വടക്കുന്നാഥന്റെ എല്ലാ ജഡയും മുറിച്ചു. അതാണ് ഇനി ചർച്ചയാകാൻ പോകുന്ന പ്രധാനപ്പെട്ട പ്രശ്നമാണെന്നും കെ രാജൻ പറഞ്ഞു.

മോദിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകൾ നഗ്നരായി ഓടിയതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. വടക്കുന്നാഥൻ്റെ മണ്ണിൽ പ്രധാനമന്ത്രിക്ക് ഒന്ന് ഏറ്റുപറയാമായിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാൻ ധൈര്യമുണ്ടോ?. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം നൽകാം എന്ന് ഗ്യാരൻ്റി ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.

കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. മോദിയുടെ ഗ്യാരൻ്റികൾ എല്ലാം വാക്കുകളിൽ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ പൂരത്തെകുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. തൃശൂർ പൂരത്തെ രാഷ്ട്രീയവത്കരിച്ചു എന്ന പ്രയോഗം ദൗർഭാഗ്യകരമാണ്. തങ്ങളാരും തൃശ്ശൂര് പൂരത്തില് രാഷ്ട്രീയം കലര്ത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ പാര്ട്ടി നടത്തുന്നുണ്ടാവുമെന്നും മന്ത്രി ബുധനാഴ്ച പറഞ്ഞിരുന്നു. തൃശ്ശൂര് പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില് മത-ജാതി-രാഷ്ട്രീയ ഭേദങ്ങളില്ല. രാഷ്ട്രീയം കലര്ത്താന് ശ്രമിച്ചാല് പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാം; സർക്കാരിനെ വിമർശിച്ച് മോദി

മോദിയുടെ സ്വർണക്കടത്ത് പരാമർശത്തിലും മന്ത്രി പ്രതികരിച്ചു. എത്ര തവണ മോദി ഇത് പറഞ്ഞു. അത് ഏജൻസികൾ അന്വേഷിച്ച കാര്യമാണ്. സർക്കാരിൻ്റെ കൈകൾ ശുദ്ധമാണ്. ഇത്രയും കാലം അന്വേഷിച്ചിട്ട് എന്ത് കിട്ടിയെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടേത് കട്ട് ആൻഡ് പേസ്റ്റ് പ്രസംഗമാണെന്നും അദ്ദേഹം വിമർശിച്ചു. തൃശൂർ സീറ്റ് കണ്ട് ആരും പനിക്കണ്ടന്നും മന്ത്രി കെ രാജൻ പറഞ്ഞു.

സർക്കാരിന് മോദി വിരോധമാണെന്ന് തേക്കിൻകാട് മൈതാനിയിൽ വച്ച് നടന്ന മഹിള സംഗമ പരിപാടിയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കുന്നില്ല. തൃശൂർ പൂരത്തിൽ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ഇത് ദൗർഭാഗ്യകരമാണ്. ശബരിമലയിലും സർക്കാരിൻ്റെ കഴിവുകേട് വ്യക്തമാണെന്നും മോദി വിമർശിച്ചു.

തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു. രാജ്യം മോദി ഗ്യാരൻ്റിയെ പറ്റി ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞ മോദി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും വ്യക്തമാക്കി. 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു. പ്രത്യേക വിമാനത്തില് നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us