കണ്ണൂർ/കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിലേയ്ക്കും കോട്ടയം എസ് പി ഓഫീസിലേയ്ക്കും നടത്തിയ മാർച്ചുകളിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് കണ്ണൂർ കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. ഒരുകൂട്ടം പ്രവർത്തകർ ജലപീരങ്കി വാഹനത്തിനു മുകളിൽ കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. സംഘർഷത്തിനിടെ പ്രവർത്തക ബോധരഹിതയായി. യൂത്ത് കോൺഗ്രസ് പ്രവർത്തക റിയ നാരായണൻ്റെ വസ്ത്രം കീറിയതായും പരാതി. വനിതാ പ്രവർത്തകയുടെ മുടിയിൽ പൊലീസ് ചവിട്ടി പിടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. പൊലീസ് കണ്ണിന് ലാത്തി കൊണ്ട് അടിച്ചെന്നും വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പി ശശിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് പെരുമാറുന്നത് അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം എസ് പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിലും സംഘർഷമുണ്ടായി. കേരളത്തിൽ നടക്കുന്നത് ക്രിമിനലുകളുടെ ഭരണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.