'കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കം, പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല'; കെ രാജൻ

'ഗവർണറുടെ നിലപാട് ഭരണഘടനയോടുളള നിരുത്തരവാദിത്തത്തിന്റെ ഭാ​ഗമാണ്'
'കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കം, പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല'; കെ രാജൻ
Updated on

തിരുവനന്തപുരം: ഒരു മിനിറ്റിൽ നയപ്രഖ്യാപന പ്രസം​ഗം നടത്തി മടങ്ങിയ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ വിമർശനവുമായി റവന്യൂ മന്ത്രി കെ രാജൻ. സർക്കാരിനോട് ​ഗവർണർ‌ക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട് എന്തെങ്കിലും തർക്കം അദ്ദേഹത്തിനുണ്ടെങ്കിൽ അതിന് പ്രതികാരം തീർ‌ക്കേണ്ടത് ഭരണഘടനാപരമായ നടപടികൾ നിർവ്വഹിക്കാതെയല്ല. ഗവർണർ ‌ഭരണഘ‌ടനാ ഉത്തരവാദിത്തം നിറവേറ്റണം. കരിങ്കൊടി കാണിച്ചതിനാണോ ​ഗവർണറുടെ പിണക്കമെന്നും കെ രാജൻ ചോദിച്ചു.

നയപ്രഖ്യാപന പ്രസം​ഗം നടത്തുക എന്നത് ഭരണഘടനാ തീരുമാനമാണ്. അത് നടത്താൻ ​ഗവർണർ ബാധ്യസ്ഥനാണ്. ​ഗവർണറുടെ നടപടി ​സമൂഹം വിലയിരുത്തും. കരിങ്കൊടി കാണിക്കാനിടയാക്കിയത് അദ്ദേഹ​ത്തിന്റെ തന്നെ നിലപാടുകളാണ്. ആ നിലപാട് ആണ് തിരുത്തേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിയമസഭ പാസാക്കിയ ബിൽ ഹോൾഡ് ചെയ്യാനും തളളാനുമുളള അധികാരം അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിനുണ്ട്. നാല് അധികാരങ്ങൾ അദ്ദേഹത്തിനുണ്ട്. ഇത് ഒന്നും ഉപയോ​ഗിക്കാതെ ബിൽ കോൾഡ് സ്റ്റോറേജിൽ എടുത്തുവെക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ഭരണഘടനയോടുളള നിരുത്തരവാദിത്തത്തിന്റെ ഭാ​ഗമാണെന്നും മന്ത്രി വിമർശിച്ചു.

കേന്ദ്രത്തിന് എതിരെ എൽഡിഎഫ് നടത്തുന്നത് സമരം തന്നെയാണെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. സമരത്തിന്റെ അജണ്ട നിശ്ചയിക്കാൻ സർക്കാരിനെ മാധ്യമങ്ങൾ അനുവദിക്കണം. ഷൂസോ കല്ലോ എറിഞ്ഞാൽ മാത്രമല്ല സമരമാവുക. എൽഡിഎഫ് നടത്താൻ പോകുന്നത് മലയാളിയുടെ ജീവൽ സമരമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉന്നയിച്ചതിൻ്റെ പേരിലല്ല മാത്യു കുഴൽനാടന് എതിരായ നടപടികളെന്നും കെ രാജൻ വ്യക്തമാക്കി. അനധികൃതമായി ഭൂമി കൈവശം വച്ചാൽ ചട്ട പ്രകാരം നടപടി ഉണ്ടാകും. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അദേഹത്തിന് ഉന്നയിക്കാം, പരിശോധിക്കാം. കുഴൽ നാടൻ ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുമായി രംഗപ്രവേശം ചെയ്യുന്നുവെന്നും മന്ത്രി പരിഹസിച്ചു. ആ വെളിപ്പെടുത്തൽ അത് പോലെ മരിച്ചു പോകുന്നു. വെളിപ്പെടുത്തൽ നടത്തി എന്ന പേരിൽ അദ്ദേഹത്തിന് എതിരായ യാഥാർത്ഥ്യങ്ങൾ പുറത്ത് പറയരുത് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്നും മന്ത്രി ചോ​ദിച്ചു.

'കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കം, പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല'; കെ രാജൻ
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ; മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മടങ്ങി

നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 15ാം നിയമസഭയുടെ 10 സമ്മേളനത്തിൽ നിന്ന് മടങ്ങിയത്. നയപ്രഖ്യാപനത്തിലെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംവാദമുണ്ടായിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com