തൃശൂർ: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് സിപിഐ നേതാവും എംഎൽഎയുമായ പി ബാലചന്ദ്രൻ. ശ്രീരാമനെയും സീതയയെും കുറിച്ചുള്ള വിവാദ പോസ്റ്റാണ് ബാലചന്ദ്രൻ പിൻവലിച്ചത്. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എംഎൽഎ അറിയിച്ചു. കഥകൾ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഡിലീറ്റ് ചെയ്തെന്നും പി ബാലചന്ദ്രൻ പറഞ്ഞു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ഇടുന്നത്. പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ചു. രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചായിരുന്നു പോസ്റ്റ്. രാമായണത്തിലെ ഒരു സന്ദർഭം എടുത്തു പറഞ്ഞാണ് ബാലചന്ദ്രൻ രാമൻ , സീത , ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചിരിക്കുന്നത്.
ഹിന്ദുമതത്തെ അവഹേളിക്കുന്ന എംഎൽഎയ്ക്കെതിരെ ശക്തമായ പ്രതികരണം ഉയർന്ന് വരണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. എംഎൽഎയേയും പാർട്ടിയേയും ചുമക്കുന്നവർ ലജ്ജിച്ച് തല താഴ്ത്തണമെന്നും നാഗേഷ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഫ്ബി പോസ്റ്റ് മണ്ഡലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
'കേരളത്തോടുള്ള അവഗണന, നേട്ടങ്ങൾക്ക് വെല്ലുവിളി';നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് കടുത്ത വിമർശനം