രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: ശിക്ഷാവിധി ഈ മാസം 30ന്

15 പ്രതികളിൽ ഒരോരുത്തരേയും പ്രത്യേകമായി വിളിച്ചാണ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് കേട്ടത്
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: ശിക്ഷാവിധി ഈ മാസം 30ന്

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുക. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു.

കനത്ത സുരക്ഷയോടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. 15 പ്രതികളിൽ ഒരോരുത്തരേയും പ്രത്യേകമായി വിളിച്ചാണ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് കേട്ടത്. കുടുംബത്തെ കുറിച്ചും ഭാവിയെ കുറച്ചുമുള്ള ആശങ്കളും ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ചുമാണ് ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാൽ അഞ്ചാം പ്രതി സലാം പൊന്നാട് രൺജിത്ത് കേസിനെ തുടർന്ന് തന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി കോടതിയെ അറിയിച്ചു. ശിക്ഷിക്കപ്പെട്ടാൽ തന്നെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നാണ് ആറാം പ്രതി അബ്ദുൾ കലാം ആവശ്യപ്പെട്ടത്.

പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതി 15 പേരുടെയും സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോർട്ട് എന്നിവ പരിഗണിച്ചു. 30 ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചതോടെ പ്രതികൾക്ക് മനപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ശിക്ഷാ വിധി പ്രതീക്ഷിച്ച് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയും അമ്മയും മക്കളും കോടതിയിൽ എത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com