'വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെ';സിബിഐയേക്കാള്‍ വലുതല്ലല്ലോയെന്ന് എം വി ഗോവിന്ദന്‍

വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല.
'വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെ';സിബിഐയേക്കാള്‍ വലുതല്ലല്ലോയെന്ന് എം വി ഗോവിന്ദന്‍
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐയേക്കാള്‍ വലുതല്ലോയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല.

എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ ബാംഗ്ലൂർ ആർഒസി ആവശ്യപ്പെട്ടിരുന്നു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന വിഷയങ്ങളുളളതിനാൽ ഇ ഡി അന്വേഷണവും വേണമെന്ന് ശുപാർശ ചെയ്തിരുന്നു . എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ അടിമുടി ദുരൂഹമാണെന്നും ആർഒസി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കമ്പനി നിയമലംഘനങ്ങളുടെ പേരിൽ വീണയ്ക്കും സ്ഥാപനത്തിനും 2021ൽ 1ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു. എക്സാലോജിക്കിനെതിരെയുള്ള ബാംഗ്ലൂർ റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ടിൻ്റെ ചുവട് പിടിച്ചാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹമെന്നും ബാംഗ്ലൂർ ആർഒസി ചൂണ്ടിക്കാണിച്ചിരുന്നു. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരുന്നത്.

വന്യജീവീ ആക്രമണത്തില്‍ വയനാട് പ്രത്യേക പാക്കേജ് വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായം ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണം. മനുഷ്യനെ കൊല്ലുന്ന ക്ഷുദ്ര ജീവികളെ കൊല്ലാന്‍ നിയമം വേണം. ജീവി സ്‌നേഹം ഉള്ളില്‍ വെച്ചു തന്നെയാണ് ഇത് പറയുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com