വയനാട്ടിൽ പോരിനിറങ്ങുന്നത് ആരൊക്കെ? രാഹുലിസം അവസാനിക്കുമോ? സാധ്യതകളിങ്ങനെ

2009ൽ രൂപീകൃതമായതുമുതൽ കോൺ​ഗ്രസിനൊപ്പം നിലയുറപ്പിച്ച ചരിത്രമാണ് വയനാടിന്റേത്. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ‌ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി വയനാട് തുടരുകയാണ്.
വയനാട്ടിൽ പോരിനിറങ്ങുന്നത് ആരൊക്കെ? രാഹുലിസം അവസാനിക്കുമോ? സാധ്യതകളിങ്ങനെ
Updated on

അമേഠിയിൽ നിന്നെത്തിയ രാഹുൽ ​ഗാന്ധിയെ 2019ൽ ഇരുകയ്യും നീട്ടി സ്വീകരിച്ച മണ്ഡലമാണ് വയനാട്. അന്ന് അദ്ദേഹം നേടിയത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു. 2009ൽ രൂപീകൃതമായതുമുതൽ കോൺ​ഗ്രസിനൊപ്പം നിലയുറപ്പിച്ച ചരിത്രമാണ് വയനാടിന്റേത്. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ‌ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി വയനാട് തുടരുകയാണ്. ഇക്കുറിയും ഫലം മറ്റൊന്നാവില്ലെന്ന് കോൺ​ഗ്രസ് ക്യാമ്പ് ഉറച്ചുവിശ്വസിക്കുന്നു. സ്ഥാനാർത്ഥിയായി ആരെത്തും എന്ന ചർച്ചകൾ സജീവമായിക്കഴിഞ്ഞു. രാഹുൽ ​ഗാന്ധി തന്നെയാകുമോ സ്ഥാനാർത്ഥി? അതോ പാർട്ടി പ്രിയങ്ക ​ഗാന്ധിയെ രം​ഗത്തിറക്കുമോ?

പാർട്ടി സാധ്യത പട്ടികയിൽ മൂന്ന് പേരുകളാണ് ഉയർന്നു കേൾക്കുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെ പേരും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായതിനാല്‍ എതിരാളിയായി ആര് വന്നാലും കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് വയനാട്ടില്‍ അനായാസം വിജയിക്കാം എന്നാണ് രാഷ്ട്രീയവിദ​ഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, പാട്ടുംപാടി കോൺ​ഗ്രസ് സ്ഥാനാർത്ഥി അങ്ങനെയങ്ങ് ജയിക്കേണ്ട എന്നതാണ് എൽ‌ഡിഎഫിന്റെയും എൻഡിഎയുടെയും നിലപാട്. കടുത്ത മത്സരം ഉറപ്പിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം. അതുകൊണ്ടു തന്നെ രണ്ട് കൂട്ടരും അതിശക്തരായ സ്ഥാനാർത്ഥികളെ രം​ഗത്തിറക്കുമെന്നുറപ്പ്.

2019ല്‍ രാഹുൽ നേടിയ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം അപ്രസക്തമാക്കാൻ ആരെയാകും എതിർമുന്നണികൾ രം​ഗത്തിറക്കുക? ഇടതുകോട്ടയിൽ സിപിഐയുടെ സീറ്റാണ് വയനാട്. സത്യൻ മൊകേരി, ആനി രാജ , പി പി സുനീർ എന്നിവരുടെ പേരുകളാണ് എൽഡിഎഫിന്റെ സാധ്യതാ പട്ടികയിലുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുമെന്നു മുതിർന്ന സിപിഐ നേതാവായ ആനി രാജ പറഞ്ഞുകഴിഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ അദ്ദേഹം പുനരാലോചന നടത്തേണ്ടതുണ്ടെന്നും ആനി രാജ അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ സിപിഐഎമ്മും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപി വിരുദ്ധ ഇൻഡ്യാ മുന്നണി രൂപപ്പെട്ട സാഹചര്യത്തിൽ രാഹുൽ മത്സരിക്കേണ്ടത് ഇടതുപക്ഷത്തോടല്ലല്ലോ എന്ന അഭിപ്രായമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നേരത്തെ പങ്കുവച്ചത്. ഇടതുപക്ഷ മുന്നണിയോടല്ല രാഹുല്‍ ഗാന്ധി ഉള്‍പ്പടെ മത്സരിക്കേണ്ടത് ബിജെപിയോടാണ്. ബിജെപിയാണ് ഇന്ത്യയില്‍ ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി. അതിനെതിരെ മത്സരിക്കുന്നതിന് പകരം കേരളത്തിലെ ഇടതുമുന്നണിയോടല്ല മത്സരിക്കേണ്ടത്. അത് നല്‍കുന്ന സന്ദേശം എന്താണ്? തങ്ങളുടെ മുഖ്യശത്രു ഇടതുമുന്നണിയായോ, ബിജെപിയാണോ എന്നതാണ്' എം വി ​ഗോവിന്ദൻ കഴിഞ്ഞയിടയ്ക്ക് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന് പകരം മറ്റാരെങ്കിലുമോ എന്ന ചർച്ചകളും ഉയർന്നുകേൾക്കുന്നത്. രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീ​ഗ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ലീ​ഗിന് മൂന്നാം സീറ്റില്ല എന്ന് കോൺ​ഗ്രസ് ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിൽ ആ ആവശ്യത്തിന് ഇനി പ്രസക്തിയില്ല. കഴിഞ്ഞതവണ രാഹുലിനെതിരെ സധൈര്യം മത്സരിച്ച വ്യക്തിയാണ് നിലവിലെ പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായ പി പി സുനീർ.

വയനാട്ടിൽ കളമുറപ്പിക്കാൻ എ പി അബ്ദുള്ളക്കുട്ടി, പ്രഫുൽ കൃഷ്ണ , കെ സദാനന്ദൻ എന്നിവരുടെ പേരുകളാണ് എൻഡിഎ സാധ്യതാ പട്ടികയിലുള്ളത് എന്നാണ് സൂചന. നിലവിൽ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് എ പി അബ്ദുള്ളക്കുട്ടി. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന കരുനീക്കങ്ങളെ ഊട്ടിയുറപ്പിക്കുന്നതാകും എ പി അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം. യുവമോർച്ച സംസ്ഥാന പ്രസിഡന്റായ പ്രഫുൽ കൃഷ്ണയുടെ പേരും ശക്തമായിത്തന്നെ ഉയർന്നുകേൾക്കുന്നുണ്ട്.

വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വയനാട് ലോക്സഭാ മണ്ഡലം. 2009ലും 2014ലും എം ഐ ഷാനവാസിലൂടെ കോൺ​ഗ്രസ് വെന്നിക്കൊടി പാറിച്ച മണ്ഡലം 2018ൽ അദ്ദേഹത്തിന്റെ മരണത്തോടെ അനാഥമായി. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ രാഹുലിലേക്കെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com