കോട്ടയം കടമ്പ കടക്കാന്‍ ചാഴിക്കാടന്‍ തന്നെ; തിരിച്ചു പിടിക്കാന്‍ കരുനീക്കവുമായി യുഡിഎഫ്‌

ഇത്തവണ യുഡിഎഫ് കേന്ദ്രത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.
കോട്ടയം കടമ്പ കടക്കാന്‍ ചാഴിക്കാടന്‍ തന്നെ; തിരിച്ചു പിടിക്കാന്‍ കരുനീക്കവുമായി യുഡിഎഫ്‌
Updated on

പലകുറി സിപിഐഎമ്മിലൂടെ എല്‍ഡിഎഫ് ജയിച്ചുകയറിയിട്ടുണ്ടെങ്കിലും യുഡിഎഫിന് മേല്‍കൈയുള്ള മണ്ഡലമായാണ് കോട്ടയത്തെ പൊതുവില്‍ കണക്കാക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് കോട്ടയത്ത് യുഡിഎഫിന് മുന്നില്‍ ഇത്തവണത്തെ കടമ്പ. മാണി ഗ്രൂപ്പ് യുഡിഎഫിനൊപ്പമില്ലായെന്നതും പിസി തോമസ് എന്‍ഡിഎയില്‍ നിന്നും യുഡിഎഫിലേക്ക് മാറി എന്നതും ഉള്‍പ്പെടെ കൂട് മാറ്റം നടന്ന കോട്ടയം ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമാവുന്നത്. ഇത്തവണ മൂന്ന് മുന്നണികളും നേര്‍ക്ക് നേര്‍ വരുമ്പോള്‍ കോട്ടയത്തെ വിധിയെഴുത്ത് ആര്‍ക്കൊപ്പമായിരിക്കും?

എറണാകുളം ജില്ലയിലെ പിറവം കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. 1957ലും 1962 ലും തുടര്‍ച്ചയായ രണ്ട് തവണ കോണ്‍ഗ്രസിന്റെ മാത്യൂ മണിയങ്ങാടനെ പാര്‍ലമെന്റിലേക്ക് അയച്ച കോട്ടയം അടുത്ത ടേമില്‍ സിപിഐഎമ്മിന് അവസരം നല്‍കി. കെ എം അബ്രഹാമായിരുന്നു അന്നത്തെ എംപി. 1971, 1977, 1980 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വര്‍ക്കി ജോര്‍ജ്ജും സ്കറിയ തോമസും ലോക്‌സഭയിലേക്കെത്തി. 1984 ല്‍ സിപിഐഎമ്മിന്‍റെ സുരേഷ് കുറുപ്പിനെ വിജയിപ്പച്ചോള്‍ രമേശ് ചെന്നിത്തലയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്. 1989 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ രമേശ് ചെന്നിത്തലയെ കോട്ടയത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. എന്നാല്‍ തൊട്ടടുത്ത മൂന്ന് തിരഞ്ഞെടുപ്പിലും സിപിഐയുടെ സുരേഷ് കുറുപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലൂടെയാണ് പിന്നീട് യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്. എന്നാല്‍ ജോസ് കെ മാണിയും സംഘവും മുന്നണി വിട്ടതോടെ സാങ്കേതികമായി എല്‍ഡിഎഫിനൊപ്പമാണ് സീറ്റെന്ന് പറയാം.

കോട്ടയം കടമ്പ കടക്കാന്‍ ചാഴിക്കാടന്‍ തന്നെ; തിരിച്ചു പിടിക്കാന്‍ കരുനീക്കവുമായി യുഡിഎഫ്‌
പൊന്നാനി പിടിച്ചെടുക്കാന്‍ സിപിഐഎം; മുസ്ലിം ലീഗ് പരിഗണനയില്‍ സമദാനിയും

ഇത്തവണ യുഡിഎഫ് കേന്ദ്രത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. എംപി ജോസഫ്, പി സി തോമസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കോട്ടയം സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് ആവശ്യം മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്നണി ധാരണയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കും. അതേസമയം തോമസ് ചാഴിക്കാടന്‍ എംപിയെ തന്നെ എല്‍ഡിഎഫ് രംഗത്തിറക്കും. നാല് തവണ നിയമസഭയിലേക്ക് ജയിച്ച ശേഷമായിരുന്നു തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്നും എംപി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പിന്നീട് മന്ത്രിയായ വി എന്‍ വാസവനായിരുന്നു അന്നത്തെ എതിരാളി. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വാസവനെ പരാജയപ്പെടുത്തി ചാഴിക്കാടന്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ മുന്നണി മാറ്റത്തിലൂടെ ചാഴിക്കാടനും പാര്‍ട്ടിയും എല്‍ഡിഎഫിലെത്തുകയായിരുന്നു.

കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കാണ് സാധ്യത. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ട് നേടിയ പി സി തോമസ് ഇത്തവണ എന്‍ഡിഎക്കൊപ്പമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com