വണ്ടിപ്പെരിയാർ കേസ്; പുനരന്വേഷണം വേണം, ഐപിഎസ് ഉദ്യോഗസ്ഥന്‍ സംഘത്തലവനാകണം; ഹര്‍ജിയുമായി കുടുംബം

'കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല'.
വണ്ടിപ്പെരിയാർ കേസ്; പുനരന്വേഷണം വേണം, ഐപിഎസ് ഉദ്യോഗസ്ഥന്‍ സംഘത്തലവനാകണം; ഹര്‍ജിയുമായി കുടുംബം
Updated on

കൊല്ലം: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ച വരുത്തി. അന്വേഷണ സംഘത്തില്‍ നിന്ന് ഗുരുതര വീഴ്ചകളുണ്ടായി. ഈ സാഹചര്യത്തില്‍ കൊലപാതക കേസ് പുനരന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

2021 ജൂൺ 30നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അയൽവാസിയായ അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. അർജ്ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com