തൃപ്പൂണിത്തുറ സ്ഫോടനം; കൂടുതല്‍ പ്രതികള്‍, ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും പ്രതികളാകും

മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെക്കൂടി കേസിൽ പ്രതി ചേർക്കാനാണ് പൊലീസ് തീരുമാനം.
തൃപ്പൂണിത്തുറ സ്ഫോടനം; കൂടുതല്‍ പ്രതികള്‍, ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും പ്രതികളാകും
Updated on

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനക്കേസിൽ പ്രതിപ്പട്ടിക വിപുലീകരിക്കാൻ പൊലീസ്. പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ കൂടുതൽ പേർ കേസിൽ പ്രതികളാകും.

മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെക്കൂടി കേസിൽ പ്രതി ചേർക്കാനാണ് പൊലീസ് തീരുമാനം. പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നൽകിയവരും ഉൾപ്പെടെ പതിനഞ്ചോളം പേര് കൂടി കേസിൽ പ്രതികളാകും. സംഘാടകരിൽ പലരും സംഭവത്തിന്‌ പിന്നാലെ ഒളിവിലാണ്.

കേസിൽ ഇതിനോടകം അറസ്റ്റിലായ നാല് പേർ റിമാന്റിലാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം ഇന്ന് ആരംഭിക്കുമെന്നാണ് സൂചന. അന്വേഷണ ചുമതലയുള്ള സബ് കളക്ടർ കെ മീര ഇന്ന് സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചേക്കും. അധികൃതർ അറിയാതെ മത്സര വെടിക്കെട്ട് നടന്നത് എങ്ങനെ എന്നതുൾപ്പെടെയാണ് അന്വേഷിക്കുക. അനധികൃതമായി സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും അന്വേഷണം ഉണ്ടാകും.

അതേസമയം, കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് നാട്ടുകാർ. നഷ്ടപരിഹാരം കണക്കാക്കാൻ പ്രത്യേക കമ്മീഷൻ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ഈടാക്കി നൽകണം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ആക്ഷൻ കൗൺസിലിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈവിട്ടതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com