സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പിന്നിൽ വ്യക്തിവൈരാ​ഗ്യം?കസ്റ്റഡിയിലുള്ളത് മുൻ പാർട്ടി അം​ഗം

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പിന്നിൽ വ്യക്തിവൈരാ​ഗ്യം?കസ്റ്റഡിയിലുള്ളത് മുൻ പാർട്ടി അം​ഗം
Updated on

കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ് എന്നാണ് സൂചന. പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അം​ഗവും ന​ഗരസഭയിലെ മുൻ ഡ്രൈവറുമായ അഭിലാഷ് ആണ് പൊലീസിൽ കീഴടങ്ങിയതെന്നാണ് വിവരം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായാണ് സൂചന. സത്യനാഥനെ ആക്രമിക്കുമ്പോൾ അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥൻ (62). കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ​ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോ​ഗിച്ചായിരുന്നു ആക്രമണം.സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.

അഭിലാഷിന്റെ ലഹരി ഉപയോ​ഗത്തെ സത്യനാഥൻ എതിർത്തിരുന്നതായും ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷിന്റെ നേതൃത്വത്തിൽ ലഹരിമാഫിയ നാട്ടിൽ വളർന്നുവന്നതിനെ സത്യനാഥൻ ചോദ്യം ചെയ്തിരുന്നെന്നും പറയപ്പെടുന്നു. ഇതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നി​ഗമനം. 2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. ലതികയാണ് സത്യനാഥന്റെ ഭാര്യ. സലിൽനാഥ്, സെലീന എന്നിവരാണ് മക്കൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com