സിഎഎ വിജ്ഞാപനം; രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്ന് എളമരം കരീം

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്.
സിഎഎ വിജ്ഞാപനം; രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്ന് എളമരം കരീം
Updated on

കോഴിക്കോട്: സിഎഎ നടപ്പിലാക്കിയാല്‍ രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്ന് സിപിഐഎം നേതാവ് എളമരം കരീം. ഇന്ത്യയെ സംബന്ധിച്ച് ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണിത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. മോദി ഗ്യാരന്റി ഏല്‍ക്കില്ല. ജനങ്ങള്‍ അതിജീവിക്കും. ജനങ്ങള്‍ വര്‍ഗീയതയ്ക്ക് പിന്നാലെ പോകില്ലെന്നും എളമരം കരീം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിട്ടതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലേയ്ക്ക് വന്ന ഹിന്ദു, സിഖ്, ജെയിന്‍, പാര്‍സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു പൗരത്വ ഭേദഗതി ബില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്‍ഹിലെ ഷഹീന്‍ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്‍ഷത്തിലേറെയായെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കാതിരുന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com