എന്നും എപ്പോഴും സ്വാഗതം!; സുരേഷ് ​ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ​ഗോപി

എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം എന്ന് ഫെയ്സ് ബുക്കില്‍ ഗോപി ആശാന്‍ കുറിച്ചു.
എന്നും എപ്പോഴും സ്വാഗതം!; സുരേഷ് ​ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ​ഗോപി
Updated on

തൃശ്ശൂര്‍: സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ ഗോപി ആശാന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 'സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേയ്ക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം' എന്ന് ഫെയ്സ് ബുക്കില്‍ ഗോപി ആശാന്‍ കുറിച്ചു.

ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി ഒരു ഡോക്ടർ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് മകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ച‍ർച്ചയായിരുന്നു. എന്നാല്‍ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായതോടെ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ​ഗുരുകൃപ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, 'പത്മഭൂഷണ്‍ കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായും രഘു പോസ്റ്റിൽ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സംഭവത്തില്‍ സുരേഷ് ​ഗോപിയുടെ പ്രതികരണം. തനിക്ക് അതുമായി ബന്ധമില്ലെന്നും പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. കലാമണ്ഡലം ​ഗോപി അനുവദിച്ചാൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഗോപിയാശാൻ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ട് എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർഥി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ചും കലാമണ്ഡലം ഗോപി രംഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് വോട്ടഭ്യർത്ഥിച്ചത്. മന്ത്രി കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്നായിരുന്നു അഭ്യർഥന. കെ രാധാകൃഷ്ണൻ്റെ പ്രവർത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ട്. ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. താൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുമ്പോൾ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനെന്നും വിഡിയോയില്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com