പാണക്കാട് തങ്ങള്‍മാരില്ലാതെ സമസ്തയില്ല, വോട്ട് മറിക്കേണ്ട സാഹചര്യമില്ല: കെപിഎ മജീദ്

'ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ല. അസ്വാരസ്യമുണ്ടെന്ന് ചിലയാളുകള്‍ പടച്ചുണ്ടാക്കിയതാണ്'
പാണക്കാട് തങ്ങള്‍മാരില്ലാതെ സമസ്തയില്ല, വോട്ട് മറിക്കേണ്ട സാഹചര്യമില്ല: കെപിഎ മജീദ്
Updated on

മലപ്പുറം: സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ല. സമസ്ത എല്ലാ കാലത്തും ലീഗുമായി ചേര്‍ന്നു നില്‍ക്കുന്ന സംഘടനയാണ്. ആ നിലപാടില്‍ തന്നെയാണ് സമസ്ത, അതില്‍ ഒരു മാറ്റവുമില്ലെന്നും കെപിഎ മജീദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ല. അസ്വാരസ്യമുണ്ടെന്ന് ചിലയാളുകള്‍ പടച്ചുണ്ടാക്കിയതാണ്. അടിസ്ഥാനപരമായി ഒരു ഭിന്നിപ്പുമില്ല. പാണക്കാട് തങ്ങള്‍മാരില്ലാതെ സമസ്തയില്ല, അത് അവര്‍ക്കും അറിയാം. എല്ലാ കമ്മിറ്റിയിലും പരിപാടിയിലും പാണക്കാട് തങ്ങള്‍മാരും സമസ്ത നേതാക്കളുമുണ്ട്. വോട്ട് മറിച്ച് ചെയ്യേണ്ട സാഹചര്യമില്ല.

ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസ് എടുത്തത് അപലപനീയമാണ്. അന്യായമായി കേസ് എടുത്തതാണെന്ന വിമര്‍ശനമുണ്ട്. എല്‍ഡിഎഫ് അനുകൂല പ്രസ്താവനയെക്കുറിച്ച് അവര്‍ വ്യക്തമാക്കട്ടെ. സമസ്തയുടെ നിലപാട് മുശാവറയോ, ജിഫ്രി തങ്ങളോ പാണക്കാട് തങ്ങളോ പറയുമെന്നും കെപിഎ മജീദ് വ്യക്തമാക്കി.

2004 ലെ സാഹചര്യം യുഡിഎഫിന് വളരെ പ്രതികൂലമായിരുന്നു. ലീഗിനും, യുഡിഎഫിനും വിഷമം ഉണ്ടാക്കിയ കാലമാണത്. പൗരത്വ വിഷയത്തില്‍ ലീഗിന് ആത്മാര്‍ത്ഥമായ നിലപാടുണ്ട്. പൗരത്വ വിഷയത്തെ സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു. അക്രമരാഷ്ട്രീയത്തെയും, കൊലപാതക രാഷ്ട്രീയത്തേയും മറച്ചു വെക്കാനാണ് സിപിഐഎം സിഎഎ ഉപയോഗിക്കുന്നത്. സിപിഐഎമ്മിന്റേത് അവസരവാദരാഷ്ട്രീയമാണ്.

ഇത്തവണ മുഴുവന്‍ സീറ്റും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രഭരണത്തില്‍ ജനങ്ങള്‍ക്ക് വലിയ ഭീതിയുണ്ട്. എല്‍ഡിഎഫ് എല്ലാ പരീക്ഷണവും നടത്തിയിട്ടും പരാജയപ്പെട്ട മണ്ഡലമാണ് പൊന്നാനി. കെ എസ് ഹംസ വന്നതോടെ ലീഗിന് വീറും വാശിയുമേറി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കു മുന്‍പേ ഹംസയെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ്. ഹംസയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും കെപിഎ മജീദ് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com