'അനുജ കൈവിട്ടു പോകുമെന്ന് ഹാഷിം കരുതി'; പത്തനംതിട്ടയിലെ അപകടത്തിൻ്റെ ദുരൂഹത ചുരുളഴിയുന്നു

പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനു മുൻപായിരുന്നു ദുരൂഹമായ അപകടം
'അനുജ കൈവിട്ടു പോകുമെന്ന് 
 ഹാഷിം കരുതി'; പത്തനംതിട്ടയിലെ അപകടത്തിൻ്റെ ദുരൂഹത ചുരുളഴിയുന്നു
Updated on

പത്തനംതിട്ട: ഭർത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തി‌ൽ കലാശിക്കാൻ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നിഗമനം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണ് സൂചന. പുതിയ വീട്ടിലേക്ക് അനുജ താമസം മാറാൻ ഒരുങ്ങുന്നവെയായിരുന്നു അപകടം. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അനുജയും സുഹൃത്ത് ഹാഷിമും മരിച്ചത്. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്.

തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു അനുജ. ഹയർ സെക്കൻഡറി അധ്യാപികയായി പിഎസ്‍സി നിയമനം കിട്ടിയിരിക്കെയാണ് അനുജയുടെ മരണം. നൂറനാടുള്ള കുടുംബ വീട്ടിൽ താമസിച്ചായിരുന്നു അനുജ സ്കൂളിൽ പോയിരുന്നത്. അവധി ദിവസങ്ങളിൽ കായംകുളത്തേക്ക് പോകുമായിരുന്നു. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽനിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. അനുജയിൽനിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം–പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്. ആ സമയത്ത് പരിചയത്തിലായതാവാമെന്നാണ് നാട്ടുകാർ ഉൾപ്പടെവർ കരുതുന്നത്. അടുത്തിടെയാണ് അനുജയുടെ ഭർത്താവിന് ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. പാതി ഉപയോഗിച്ച നിലയിലാണ് മദ്യക്കുപ്പി ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസാണ് കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യക്കുപ്പി കാറിലുണ്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു. അതേസമയം, അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജയുടെയും സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.

എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിയാന സ്വദേശി റംസാനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 304 എ, 279 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പത്തനംതിട്ട അടൂരിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്.

അപകടത്തിൽ കാര്‍ യാത്രക്കാരായ ഹാഷിം (35), അനുജ (36) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു. എന്നാൽ മരണത്തിന് പിന്നാലെ ദുരൂഹത ആരോപിച്ച് ദൃക്‌സാക്ഷികൾ രംഗത്തെത്തി. അമിതവേഗതയിലായിരുന്നു കാർ ഓടിച്ചതെന്നും വിനോദയാത്രയ്ക്ക് പോയി വരികയായിരുന്ന തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയെ ട്രാവലിൽ നിന്ന് ഹാഷിം വിളിച്ചിറക്കുകയായിരുന്നുവെന്നും ശേഷം കാറിൽ മൽപിടിത്തം നടന്നിരുന്നുവെന്നും ചില ദൃക്‌സാക്ഷികൾ ആരോപിച്ചു. കാർ തെറ്റായ ദിശയിൽ വന്ന് തന്റെ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ റംസാനും പൊലീസിന് മൊഴി നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com