അനില്‍ ആന്റണി സ്ത്രീയെന്ന് വരെ പ്രചരിപ്പിക്കും; മുഖ്യമന്ത്രി കോണ്‍ഗ്രസ് ദല്ലാളെന്നും പി കെ കൃഷ്ണദാസ്

സ്വന്തം കക്ഷിയായ സിപിഐയേക്കാള്‍ വിധേയത്വം കോണ്‍ഗ്രസിനോടാണെന്നും പന്ന്യന്‍ രവീന്ദ്രനെ പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നും പി കെ കൃഷ്ണദാസ്
അനില്‍ ആന്റണി സ്ത്രീയെന്ന് വരെ പ്രചരിപ്പിക്കും; മുഖ്യമന്ത്രി കോണ്‍ഗ്രസ് ദല്ലാളെന്നും പി കെ കൃഷ്ണദാസ്
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ദല്ലാളാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ ദള്ളാള്‍ പണി മുഖ്യമന്ത്രി അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗവും പ്രചാരണവും കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ്. ബിജെപി തോല്‍ക്കുന്നിടത്ത് എല്‍ഡിഎഫ് വിജയിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമില്ല. കോണ്‍ഗ്രസിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു. കേരളത്തില്‍ ഗൂഢാലോചനക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും. ബിജെപിക്കെതിരെ വിമര്‍ശനവും കോണ്‍ഗ്രസിനെതിരെ മൗനവുമാണ്. ബിജെപിക്കെതിരെയുള്ള വോട്ട് കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദല്ലാളായി മാറി. സ്വന്തം കക്ഷിയായ സിപിഐയേക്കാള്‍ വിധേയത്വം കോണ്‍ഗ്രസിനോടാണെന്നും പന്ന്യന്‍ രവീന്ദ്രനെ പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

തീരദേശ മേഖലയില്‍ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. സിഎഎ, മണിപ്പൂര്‍ വിഷയങ്ങള്‍ മനഃപ്പൂര്‍വ്വം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. കേരളത്തിന്റെ മുഴുവന്‍ താല്‍പര്യവും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഈ പണി അവസാനിപ്പിക്കണം. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ ഡീലിനെ എന്‍ഡിഎ അതിജീവിക്കും. കേരളത്തില്‍ ഒരു മുസ്ലിമിന്റെയെങ്കിലും പൗരത്വം റദ്ദാക്കിയോ എന്ന് ചോദിച്ച പി കെ കൃഷ്ണദാസ് ഇങ്ങനെയുണ്ടെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു.

അനില്‍ ആന്റണി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ ഇതുപോലെയുള്ള പല ആരോപണങ്ങളും വരും. അനില്‍ ആന്റണി സ്ത്രീയാണെന്ന് വരെ പ്രചരിപ്പിക്കും. ഇതൊന്നും വോട്ടര്‍മാര്‍ ചെവികൊള്ളാന്‍ പോകുന്നില്ല. അനില്‍ ആന്റണിക്കെതിരായ ആരോപണം കേട്ടിട്ടില്ലെന്ന് പറഞ്ഞ കൃഷ്ണദാസ്, അച്ഛന് വേണ്ടി മകന്‍ കോഴ വാങ്ങി എന്നാണോ ആരോപണമെന്നും ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പതിനഞ്ചിന് തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com