മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു

തമ്പാനൂർ പൊലീസ് ആണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് നടപടി.
മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായി തർക്കമുണ്ടായ സംഭവത്തിൽ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസ് ആണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് നടപടി.

തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് ഇന്നാണ് അറിയിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അതേസമയം, മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com