നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം

ഫ്ലാറ്റിൽ നിന്ന് ആരെങ്കിലും എറിഞ്ഞതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല
നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം
Updated on

കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഫ്ലാറ്റിൽ നിന്ന് ആരെങ്കിലും എറിഞ്ഞതാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം എറിഞ്ഞതാണോ, എറിഞ്ഞു കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവൂ.

കൊറിയർ കവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. പനമ്പള്ളി നഗറിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിൻ്റെ മൃതദേഹമാണ് റോഡിൽ ഉപേക്ഷിച്ച നിലയൽ കണ്ടെത്തിയത്. 8.10നും 8.20നും ഇടയിലായാണ് കുഞ്ഞിൻ്റെ മൃതദേഹം ഫ്ലാറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആ സമയം ഒരു എസ് യുവി ഇതുവഴി പോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകി. കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിന് മറുവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സാധനം വീഴുന്നത് കണ്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ഓടിച്ചെന്ന് നോക്കിയത്. ആദ്യം ഒരു പാവയാണെന്നായിരുന്നു വിചാരിച്ചിരുന്നത്. പിന്നീടാണ് അത് ഒരു കുഞ്ഞാണെന്ന് മനസിലായത്. പിന്നാലെ എല്ലാവരേയും അറിയിക്കുകയായിരുന്നു. ഏഴ് നിലകളുള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്. ഏത് നിലയിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com