'വീട്ടിൽ സോളാർ വച്ചിട്ടും കാര്യമില്ല, കെഎസ്ഇബി കട്ടോണ്ട് പോകും'; ​ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി

സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപയിലെത്തിയതായി അവർ ആരോപിക്കുന്നു.
'വീട്ടിൽ സോളാർ വച്ചിട്ടും കാര്യമില്ല, കെഎസ്ഇബി കട്ടോണ്ട് പോകും'; ​ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി
Updated on

കൊച്ചി: കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രം​ഗത്ത്. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ പതിനായിരം രൂപയിലെത്തിയെന്നാണ് ആരോപണം. സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നിരുന്നു. എന്നാൽ, പിന്നീട് കറന്റ് ബിൽ വർധിച്ചുവരികയായിരുന്നെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മാസം തോറും 500 മുതല്‍ 600 യൂണിറ്റ് വരെ സോളാര്‍ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ ഇത് കെഎസ്ഇബി കണക്കാക്കുകയുള്ളൂ. സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തൊക്കെയോ മെഷീൻ വെച്ച് എന്തൊക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!

എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com