സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്ന് മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ
സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം
Updated on

കോട്ടയം: എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തൽ. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.

ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.

മലയാളം വാരികയിൽ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെ

''സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍. ''സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?'' -ബ്രിട്ടാസ് ചോദിച്ചു. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ''ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ'' എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ''അതെ... അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി'' എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു. എങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനില്‍ സമരക്കാര്‍ക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ല. സമരം ഒത്തുതീര്‍പ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രം''

സോളാർ സമരം ശക്തമായിരിക്കെയായിരുന്നു ഇടതുമുന്നണി സെക്രട്ടറിയേറ്റ് വളയൽ സമരം പ്രഖ്യാപിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടം പങ്കെടുത്ത സമരമെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു സെക്രട്ടറിയേറ്റ് സമരം. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്നായിരുന്നു സമരത്തിൻ്റെ ആവശ്യം. സമരം സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തനം സ്തംഭിപ്പിച്ച് ശക്തമാകവെയായിരുന്നു ലക്ഷ്യം നേടാതെ സമരം പിൻവലിക്കാൻ ഇടതുനേതൃത്വം തീരുമാനിച്ചത്. എന്തുകൊണ്ട് സമരം വേഗത്തിൽ അവസാനിപ്പിച്ചുവെന്ന വിഷയത്തിൽ ഇടതുമുന്നണിയിൽ തന്നെ ആ ഘട്ടത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. സോളാർ സമരം അവസാനിപ്പിച്ചതിൻ്റെ പിന്നാമ്പുറ ചർച്ചകൾ കൂടിയാണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലോടെ പുറത്ത് വരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com