നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

നിമിഷപ്രിയയുടെ മോചനം ലക്ഷ്യമിട്ട് അമ്മ പ്രേമകുമാരിയും സംഘവും യെമനിലെത്തിയിട്ട് ഒരുമാസമായി.
നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന്  മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി
Updated on

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള ധനസമാഹരണം. ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ ആവശ്യപ്പെട്ടത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനം.

നിമിഷപ്രിയയുടെ മോചനം ലക്ഷ്യമിട്ട് അമ്മ പ്രേമകുമാരിയും സംഘവും യെമനിലെത്തിയിട്ട് ഒരുമാസമായി. എന്നാല്‍ ഇതുവരെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ഗോത്ര തലവനെയോ കുടുംബത്തെയോ കാണാനോ ചര്‍ച്ച നടത്താനോ കഴിഞ്ഞിട്ടില്ല. തലാല്‍ അബ്ദുമഹ്ദിയുടെ ഗോത്ര തലവനുമായി പ്രാരംഭ ചര്‍ച്ച നടത്താന്‍ 38 ലക്ഷം രൂപ വേണമെന്നാണ് പ്രേമകുമാരിക്കൊപ്പമുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോം അറിയിച്ചത്. പ്രാരംഭ ചര്‍ച്ചയ്ക്കായി പോകുമ്പോള്‍ സമ്മാനിക്കാനുള്ള മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവര്‍ കാറും നല്‍കുന്നതിനായാണ് 38 ലക്ഷം രൂപ ആവശ്യപ്പെട്ടത്. 38 ലക്ഷം രൂപ നല്‍കിയാലും നിമിഷപ്രിയയുടെ മോചനം സാധ്യമാകുമോ എന്ന് ഉറപ്പുനല്‍കാന്‍ മധ്യസ്ഥര്‍ക്ക് കഴിയുന്നില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനം.

ഈ സാഹചര്യത്തില്‍ വ്യക്തികളില്‍ നിന്ന് സമാഹരിച്ച പണം കൈമാറാനാവില്ല. പ്രാരംഭ ചര്‍ച്ചകള്‍ക്കായി മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും ഗോത്രതലവന് നല്‍കണമെന്ന ആവശ്യം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ബ്ലഡ് മണിയില്‍ ഇതര അറബ് രാജ്യങ്ങളിലേതിന് സമാനമാണ് രാജ്യത്തെയും നിയമമെന്നാണ് ഇതര വിദേശ രാജ്യങ്ങളിലെ യെമനി സമൂഹം ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളോട് വ്യക്തത വരുത്തിയത്. നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാതെ പണം കൈമാറാനാകില്ല. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള ധനസമാഹരണം. നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആണ് ആക്ഷന്‍ കൗണ്‍സിലിലെ ഒരുവിഭാഗം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ശ്രമങ്ങള്‍ പ്രതിസന്ധിയിലായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com