ബഷീറിന്റെ സുഹറയും മജീദും, ഇമ്മിണി ബല്യ ഒന്നും, മലയാളിയുടെ മനസ്സിൽ കുടിയേറിയിട്ട് എൺപത് വർഷം

1944 മേയിലാണ് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നത്
ബഷീറിന്റെ സുഹറയും മജീദും, ഇമ്മിണി ബല്യ ഒന്നും, 
മലയാളിയുടെ മനസ്സിൽ കുടിയേറിയിട്ട്
എൺപത് വർഷം
Updated on

വൈക്കം: മലയാളത്തിന്റെ വിഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റർ പീസായി കരുതപ്പെടുന്ന 'ബാല്യകാല സഖി' പിറന്നിട്ട് എൺപത് വർഷം. മജീദിന്റെയും സുഹറയുടെയും ജീവിതം വിവരിക്കുന്ന കഥ എൺപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ നോവായും കൗതുകമായും തുടരുന്നു. സ്വതന്ത്ര സമരത്തിന്റെ ഭാഗമായി നാടുവിട്ട കാലത്ത് കൊൽക്കത്തയിൽ വെച്ചാണ് ബഷീർ ഈ നോവലെഴുതുന്നത്. 1944 മെയ് മാസത്തിലാണ് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.

മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന മജീദിന്റെ അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് 'ഞാനിനിയും മാന്തും' എന്ന് ഭീഷണിപ്പെടുത്തിയാണ്. നിഷ്‌കളങ്കത നിറഞ്ഞ ഏഴ് വയസ്സുകാരി സുഹ്റയുടെയും ഒമ്പതുവയസ്സുകാരന്‍ മജീദിന്റെയും വളര്‍ച്ചയുടെ ജീവിതത്തിൻ്റെ വിവിധഘട്ടങ്ങളിൽ ഉണ്ടാകുന്ന അടുപ്പവും സൗഹൃദവും പ്രണയവുമെല്ലാം കഥയിൽ ഹൃദയഹാരിയായി കടന്നുവരുന്നുണ്ട്. മജീദായി തന്നെ തന്നെയാണ് ബഷീര്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഷീറിന്റെ ബാപ്പയും ഉമ്മയും സഹോദരങ്ങളും നോവലില്‍ വന്നുപോകുന്നുണ്ട്. അവസാനം ഇരുവരും വേർപിരിയുന്നതും പിന്നീട് കണ്ടുമുട്ടുന്നതും വികാര നിർഭരമായ അനുഭവമാണ് വായനക്കാർക്ക് നൽകുന്നത്. 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്' എന്ന വാക്ക് പ്രശസ്തമായതും ഈ കഥയിലൂടെയാണ്. രണ്ട് തവണ ബാല്യകാല സഖി സിനിമയുമായിട്ടുണ്ട്. 18 ഭാഷയിലേക്ക് കഥ വിവർത്തനം ചെയ്യുകയും ചെയ്തു.

വർഷങ്ങളുടെ ഇടവേളക്ക്‌ ശേഷമുള്ള മടങ്ങിവരവിൽ സുഹറയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിർഭരമായ കഥയുടെ ഒരു ഭാഗം

ഒടുവിൽ മജീദ് മന്ത്രിച്ചു

'സുഹ്റാ...'

ഭൂതകാലത്തിൻറെ ഹൃദയത്തിൽ നിന്നെന്നോണം അവൾ വിളികേട്ടു. 'ഓ'

'എന്താ ഇത്രക്കും ക്ഷീണിച്ചത്?'

സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല.

'ഞാൻ മിനിഞ്ഞാന്നാ അറിഞ്ഞത്, വന്ന വിവരം'

തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ'

'എല്ലാവരും അങ്ങനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'

'എന്നിട്ട് പിന്നെ?'

'അവരെല്ലാം നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'

Related Stories

No stories found.
logo
Reporter Live
www.reporterlive.com