കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ്, എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്
കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ്, എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
Updated on

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാർ അത്തനേഷ്യസ് സ്കൂളിലാണ് ക്യാമ്പ്. കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ രാത്രിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. എംജി റോഡിൽ രാത്രിയിൽ ഗതാഗതം തടസ്സപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളിൽ വെള്ളം കയറി. വൈറ്റിലയിലെ പല വീടുകളിലേക്കും വെള്ളം കയറി.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി. വടക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാൾ ഉൽകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നിൽക്കുന്നുണ്ട്. ചില മേഖലകളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

കേരളത്തിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. 'ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ പ്രളയസാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും' മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ്, എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com