'ദേഷ്യവും സമ്മര്‍ദ്ദവും കാരണം, പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ല'; കോഴയാരോപണം നിഷേധിച്ച് അനിമോന്‍

പണം പിരിച്ചത് കോഴ നല്‍കാന്‍ ആയിരുന്നില്ലെന്നും മൊഴിയിലുണ്ട്
'ദേഷ്യവും സമ്മര്‍ദ്ദവും കാരണം, പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ല'; കോഴയാരോപണം നിഷേധിച്ച് അനിമോന്‍
Updated on

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ബാറുടമ അനിമോന്റെ മൊഴി പുറത്ത്. പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനിമോന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലുള്ളത്. പണം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തി. കെട്ടിടം വാങ്ങാന്‍ ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്നാണ് ശബ്ദരേഖയിട്ടതെന്നും അനിമോന്റെ മൊഴിയിലുണ്ട്.

45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേഖയിട്ടത്. പറഞ്ഞത് കൃത്യമായി ഇപ്പോള്‍ ഓര്‍മ്മയില്ല. ശബ്ദസന്ദേശം പുറത്തുവിട്ടത് പണം നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ആകാമെന്നും പണം പിരിച്ചത് കോഴ നല്‍കാന്‍ ആയിരുന്നില്ലെന്നും മൊഴിയിലുണ്ട്. അനിമോന്റെ കോട്ടയം കുറവിലങ്ങാട് ഉള്ള സാനിയോ ഹോട്ടലിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നര വരെ നീണ്ടു.

ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍പ്രവര്‍ത്തന സമയം കൂട്ടല്‍ ഇവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനുമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര്‍ ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അനിമോനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്തതിനു ശേഷം പുറത്തിറങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അനിമോന്‍ ശബ്ദം സന്ദേശം അയച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തേക്കും. അസോസിയേഷന്റെ കെട്ടിടം നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് ഉദ്ദേശിച്ചാണ് ശബ്ദ സന്ദേശം അയച്ചതെന്ന് അനിമോന്‍ പറഞ്ഞിരുന്നെങ്കിലും അത് മാസങ്ങള്‍ക്ക് മുന്‍പേ നടന്നതാണെന്ന തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ അനിമോന്‍ പ്രതിരോധത്തില്‍ ആയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com