കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 'വീഴ്ച കെഎസ്ഇബിയുടേത്'; കുടുംബം പരാതി നൽകി

കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് റിജാസിൻ്റെ പിതാവ് ആലി മുസ്‌ലിയാർ പറഞ്ഞു
കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 'വീഴ്ച കെഎസ്ഇബിയുടേത്'; കുടുംബം പരാതി നൽകി
Updated on

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പതിനേഴുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഹമ്മദ് റിജാസിൻ്റെ കുടുംബം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് റിജാസിൻ്റെ പിതാവ് ആലി മുസ്‌ലിയാർ പറഞ്ഞു. വീഴ്ച കെഎസ്ഇബിയുടേതാണ്. കുടുംബത്തിന് അത്താണിയാകേണ്ട ആളെയാണ് നഷ്ടപ്പെട്ടതെന്നും പിതാവ് പറഞ്ഞു.

മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന റിജാസിന് കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ല. പിന്നാലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടത്. കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പുതിയൊട്ടിൽ അലി മുസ്‌ലിയാർ നദീറ ദമ്പതികളുടെ മകനായ റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷൻ കോഴ്സിന് പോകാനിരിക്കെയായിരുന്നു അപകടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com